ഒരു കാലത്ത് തടവുപുള്ളികളായി ജയിലില്‍ കഴിയുന്നവര്‍ക്ക് കൃഷിപ്പണികള്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ കാലം പുരോഗമിച്ചതോടെ ജയില്‍പുള്ളികളുടെ ജീവിതരീതിയിലും മാറ്റം വരുത്തി. തടവുപുള്ളികള്‍ പുറംലോകവുമായി സഹകരിച്ച് നടത്തിവരുന്ന ജയില്‍ ചപ്പാത്തി പോലുള്ള ഉത്പ്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയും ലഭിച്ചു. തടവുകാര്‍ക്കായി ആരംഭിച്ച നിരവധി തൊഴില്‍ പദ്ധതികള്‍ വന്‍ വിജയമായതോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയാറെടുക്കുകയാണ് സര്‍ക്കാരും ജയില്‍ അധികൃതരും ചേര്‍ന്ന്.
ഇനിമുതല്‍ അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ നിന്ന് നെറ്റിപ്പട്ടം വാങ്ങാം. കൂടാതെ പൂജപ്പുര ജയിലിലെ പുരുഷതടവുകാര്‍ ജീവനക്കാരായ ബ്യൂട്ടി പാര്‍ലറും ഉടന്‍ തലസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങും. വനിതാജയിലിലെ അന്തേവാസികളുടെ കരവിരുതില്‍ നെറ്റിപ്പട്ടങ്ങളും തിടമ്പുമാണ് നിര്‍മ്മിക്കുന്നത്. പൊതുവിപണിയേക്കാള്‍ മുപ്പതുശതമാനത്തോളം വിലക്കുറവില്‍ നെറ്റിപ്പട്ടം ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. പരിശീലനം ലഭിച്ച അന്തേവാസികള്‍ക്കൊപ്പം മറ്റ് അഞ്ച് സഹായികളും ഇവരുടെ കൂടെ പ്രവര്‍ത്തിച്ചു വരുന്നു. വനിതാജയിലില്‍ നിന്നുള്ള ലഘുഭക്ഷണം, തുണിത്തരങ്ങള്‍, അച്ചാറുകള്‍ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരേറെയാണ്. കൂണ്‍, പച്ചക്കറി എന്നിവയും അന്തേവാസികള്‍ കൃഷി ചെയ്യുന്നുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന ബ്യൂട്ടിപാര്‍ലറാണ് പൂജപ്പുരയിലേത്. മൂന്നാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരാണ് ജയില്‍ ബ്യൂട്ടിപാര്‍ലറില്‍ ജീവനക്കാരാവുക. മാര്‍ച്ചില്‍ ബ്യൂട്ടിപാര്‍ലറിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് ആലോചന. ജയില്‍വകുപ്പിന്റെ പഴയ ക്വാര്‍ട്ടേഴ്‌സ് നവീകരിച്ച് പാര്‍ലര്‍ ആക്കാനാണ് ആലോചിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാവും പാര്‍ലറിന്റെ പ്രവര്‍ത്തനം. ഏതായാലും പുതിയ പദ്ധതികളിലൂടെ ജയില്‍ അന്തരീക്ഷം പാടെ മാറുമെന്നത് ഉറപ്പാണ്.