ആലുവ: നാണയം വിഴുങ്ങി മൂന്നു വയസുകാരൻ മരണപ്പെടുന്നതിന് മണിക്കൂറുകൾ മുൻപ് വരെ കുട്ടി നിർത്താതെയുള്ള കരച്ചിലായിരുന്നു. കരഞ്ഞ് തളർന്നാണ് കുഞ്ഞ് മയങ്ങിയതും തുടർന്ന് മരണപ്പെട്ടതും.
ഭക്ഷണം നൽകിയാൽ നാണയം സ്വമേധയ പുറത്ത് വരുമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തെ തുടർന്ന് കുട്ടിക്ക് സോഫ്റ്റ് ഡ്രിങ്ക്സും പഴംപൊരികളും ബന്ധുക്കൾ വാങ്ങി നൽകിയിരുന്നു. ആശുപത്രികൾ കറങ്ങി വീട്ടിലെത്തിയ കുട്ടി മറ്റ് ഭക്ഷണങ്ങളൊന്നും കഴിച്ചിട്ടുമില്ല.
ചേരാത്ത ഭക്ഷ്യ വസ്തുക്കൾ കഴിച്ചാലുണ്ടാകുന്ന അസ്വസ്ഥതകൾ കുട്ടിക്കും അനുഭവപ്പെട്ടതായി കരുതുന്നു. ഇതേ സമയം മരിച്ച കുട്ടിക്ക് അണുബാധയുണ്ടായിരുന്നോ എന്ന സംശയമാണ് ആദ്യമെത്തിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കുള്ളത്.
എന്നാൽ കുട്ടിയുമായെത്തിയ മറ്റ് രണ്ട് ആശുപത്രികളിലെ ഡോക്ടർമാരും ഈ സംശയം ഉന്നയിച്ചിരുന്നില്ല. കുട്ടികളുടെ തൊണ്ടയിൽ നാണയമടക്കമുള്ള വസ്തുക്കൾ കുടുങ്ങിയാൽ മനസാനിധ്യം കൈവിടാതിരിക്കലാണ് ആദ്യം ചെയ്യേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
നാണയം വിഴുങ്ങി അത് ആമാശയത്തിലാണെങ്കിലും ആന്തരീകാവയവങ്ങൾക്ക് കാര്യമായി പരിക്കുകൾ ഒന്നുമില്ലെങ്കിൽ കുട്ടി കാര്യമായ അസ്വസ്ഥതകൾ ഒന്നും തന്നെ പ്രകടിപ്പിക്കാറില്ല എന്നാണ് വിദഗ്ധ ഡോക്ടർമാരുടെ വിലയിരുത്തൽ.
എന്നാൽ നാണയം കുടുങ്ങിയത് തൊണ്ടയിലോ ശ്വാസനാളത്തിലോ ആണെങ്കിൽ അടിയന്തരമായി പുറത്തെടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. സാധാരണ ഗതിയിൽ ആമാശയത്തിലെത്തി കഴിഞ്ഞാൽ വിസർജത്തോടൊപ്പം രണ്ടോ മൂന്നോ ദിവസത്തിനുളളിൽ പുറത്ത് പോകാറാണ് പതിവ്.