വെസ്റ്റിന്‍ഡീസിനെതിരേ അരങ്ങേറ്റ ടെസ്റ്റില്‍ കൗമാരക്കാരൻ പൃഥ്വി ഷായ്ക്ക് മിന്നും സെഞ്ചുറി. പൃഥ്വി ഷായുടെ പ്രകടനം കണ്ട് ഡ്രസിംഗ് റൂമിലുള്ള താരങ്ങള്‍ എല്ലാവരും തന്നെ എഴുന്നേറ്റ് സന്തോഷ സൂചകമായി കൈയടിച്ചു. 99 പന്തിലാണ് ഷാ ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ചുറി കുറിച്ചത്.
ടെസ്റ്റ് സെഞ്ചുറി നേടുന്ന എഴാമത്തെ പ്രായം കുറഞ്ഞ താരമായും ഇതോടെ ഷാ മാറി. സെഞ്ചുറി നേടിയ പൃഥ്വി ആഭ്യന്തരക്രിക്കറ്റിലെ പ്രകടനം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ്. ഷാ 99 പന്തിലാണ് സെഞ്ചുറി നേടിയത്.
സച്ചിനുശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ആദ്യ ഇന്ത്യന്‍ താരമാണ് ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 15-ാമത്തെ ഇന്ത്യന്‍ താരവും. 2013 ൽ ശിഖർ ധവാനും രോഹിത് ശർമയും അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടിയിട്ടുണ്ട്.
ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ഷാ. ബംഗ്ലദേശിന്റെ മുഹമ്മദ് അഷ്റഫുള്‍ (17 വയസ് 61 ദിവസം), സിംബാബ്വെ താരം ഹാമില്ട്ടണ് മസാകഡ്സ (17 വയസ് 352 ദിവസം), പാക്കിസ്ഥാന് താരം സലീം മാലിക് (18 വയസ് 323 ദിവസം) എന്നിവരാണ് ഇക്കാര്യത്തില്‍ ഷായ്ക്കു മുന്നിലുള്ളത്.
ഏറ്റവും വേഗത്തില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവും ഷായാണ്. ഇന്ത്യന്‍ താരം ശിഖര്‍ ധവാന് (85 പന്തില്‍), വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയിന്‍ സ്മിത്ത് (93 പന്തില്‍) എന്നിവര്‍ മാത്രമാണ് ഷായ്ക്കു മുന്നില്‍.
മനോഹരമായ ഇന്നിംഗ്സെന്നായിരുന്നു ക്രിക്കറ്റ് നിരൂപകന് ഹര്‍ഷ ബോഗ്ലെ ഷായുടെ കളിയെ വിശേഷിപ്പിച്ചത്. ഒരു ചെറിയ കുട്ടി പേടിയേതുമില്ലാതെ അനായാസമായി ബാറ്റ് വീശുന്നു- അദ്ദേഹം പറഞ്ഞു.