ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ അണ്ടര്‍ 19 ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള 16 അംഗ ടീമിനെ, ഇന്ത്യയുടെ ഭാവിവാഗ്ദാനമായ മുംബൈ ബാറ്റ്സ്മാന് പ്രൃഥ്വി ഷാ നയിക്കും. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജനുവരി പതിമൂന്നു മുതല്‍ ഫെബ്രുവരി 3 വരെ ന്യൂസിലന്‍ഡില്‍ നടക്കും.
ലോകകപ്പിനു വേണ്ടിയുള്ള ടീം തെരഞ്ഞെടുപ്പ് ഓള് ഇന്ത്യാ ജൂണിയര്‍ സെലക്ഷന് കമ്മിറ്റി പൂര്‍ത്തിയാക്കിയതായി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ എഡിഷനിലെ റണ്ണര്‍ അപ്പായ ഇന്ത്യ 2000,2008,2012 വര്‍ഷങ്ങളില്‍ അണ്ടര്‍ 19 ലോകകപ്പ് ടൈറ്റില്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇന്ത്യക്ക് ഏറെ പ്രതീക്ഷയുള്ള ഈ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള പരിശീലനക്യാമ്പ് ബംഗളൂരുവില്‍ എട്ടു മുതല്‍ 22 വരെ നടക്കുമെന്ന് ചൗധരി അറിയിച്ചു. പ്രൃഥ്വിയും ബംഗാള്‍ താരം പോറലുംഇപ്പോള് രഞ്ജിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനാല്‍ 12 മുതല്‍ മാത്രമേ ക്യാമ്പില്‍ ചേരുകയുള്ളൂ.