ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും തിരിച്ചുവരവ്. 2015ൽ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന സിനിമയിലാണ് സുരേഷ് ഗോപി അവസാനം അഭിനയിച്ചത്. നാല് വർഷങ്ങൾക്ക് ശേഷം തിരശിലേയിലേക്ക് മടങ്ങിയെത്തുമ്പോൾ ശോഭനയാണ് താരത്തിന്റെ നായികയാകുന്നത്.
2013ൽ പുറത്തിറങ്ങിയ തിരയ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസൻ ഒരുക്കിയ തിരയിൽ ഒരു സുപ്രധാനകഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ദുൽഖർ സൽമാൻ സിനിമയിൽ അതിഥി വേഷത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.