ആലുവ: മൂന്നു വയസുകാരൻ പൃഥ്വിരാജിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ നന്ദിനി നടത്തി വരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറെത്തി.
അമ്മയും സമരസമിതി നേതാക്കളുമായി ഇന്നലെ നടത്തിയ കളക്ടറുടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചില്ല.
മരണകാരണം വിശദമായി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്ന് കളക്ടർ ചർച്ചയിൽ ഉറപ്പു നൽകി.
തങ്ങൾ കൂടി നിർദേശിക്കുന്നവരെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അധികൃതർ അംഗീകരിച്ചില്ലെന്ന് സമരക്കാർ പറയുന്നു. സമരം തുടർന്നാൽ കോവിഡ് നിയമം ലംഘിച്ചതിനടക്കം കേസെടുക്കുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
നേരത്തെ റവന്യൂ-ആരോഗ്യ വകുപ്പ് മേധാവികൾ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും വിജയിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി കളക്ടർ നേരിട്ടെത്തിയത്.
ആലുവ ജില്ലാ ആശുപത്രിക്കു മുന്നിൽ നന്ദിനി നടത്തി വരുന്ന സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ് മാസം രണ്ടിനായിരുന്നു കുട്ടി മരണപ്പെട്ടത്.
ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്റെ മരണകാരണം ശ്വാസതടസം മൂലമാണെന്ന് പരിശോധന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാക്കനാട് ഫോറൻസിക് ലാബിൽ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് ഈ കാര്യം തെളിഞ്ഞത്.
ഇതുസംബന്ധിച്ച റിപ്പോർട്ട് പോസ്റ്റ്മോർട്ടം നടത്തിയ എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോലീസ് സർജന് ലാബിൽനിന്നും നൽകുകയും ചെയതു. ഇത് കേസന്വേഷിക്കുന്ന ബിനാനിപുരം സിഐ വി.ആർ. സുനിലിന് കൈമാറി. ഇതിൽ അന്വേഷണം തുടരുകയാണ്.
എന്നാൽ, പോലീസിന്റെ കണ്ടെത്തലുകൾ അംഗീകരിക്കാൻ മാതാവും ബന്ധുക്കളും തയാറാകാതിരിക്കുന്നതാണ് സമരത്തിലേക്ക് എത്തിച്ചത്.
മരണകാരണം നാണയം വിഴുങ്ങിയത് മൂലമല്ലെന്നും ശ്വാസംമുട്ട് കാരണമാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ട് ചികിത്സ നിഷേധിച്ചവരെ സംരക്ഷിക്കുന്ന പോലീസിനെയും കുറ്റക്കാരായ ഡോക്ടർമാരെയും രക്ഷിക്കാനാണെന്നാണ് അവരുടെ ആരോപണം.
ജില്ലാ ആശുപത്രിയെ കൂടാതെ എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും കുട്ടിക്ക് ചികിത്സ നിഷേധിച്ചതും പ്രതിഷേധത്തിന് കാരണമായി.
പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് അമ്മ സമരം നടത്തി വരുന്നത്. ഇന്നലെ നടന്ന ചർച്ചയിൽ ജില്ലാ കളക്ടർ എസ്. സുഹാസിനെ കൂടാതെ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ജില്ലാ ആശുപത്രി സൂപ്രണ്ട് കെ. പ്രസന്നകുമാരി, സമരസമിതി ഭാരവാഹികളായ അഡ്വ. കെ.പി. ഷിബി, സുനിൽ സി. കുട്ടപ്പൻ, മരണപ്പെട്ട കുട്ടിയുടെ അമ്മ നന്ദിനി, ബന്ധു ഉദയൻ എന്നിവർ പങ്കെടുത്തു.