ഇരുപതു വർഷം മുൻപാണ്. ഞാൻ ഒരു സിനിമയുടെ തയാറെടുപ്പുകൾ നടത്തി പുതുമുഖങ്ങളെ അവതരിപ്പിക്കാൻ ആലോചന നടത്തിയ സമയം. അന്തരിച്ച നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് എന്റെ മുന്നിലെത്തിയത് അങ്ങനെയാണ്.
ഞാൻ ഓഡിഷൻ നടത്തിയെങ്കിലും അന്ന് ആ സിനിമ മുന്നോട്ടുപോയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സംവിധായകൻ രഞ്ജിത് വിളിച്ചു.
പൃഥ്വിരാജിനെ ഞാൻ ഓഡിഷൻ നടത്തിയെന്നറിഞ്ഞ്, അഭിപ്രായം തിരക്കാനാണു വിളിച്ചത്. പൃഥ്വിരാജിനെക്കുറിച്ചുള്ള എന്റെ നല്ല വാക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് നന്ദനം എന്ന സിനിമയിൽ പൃഥ്വിരാജ് അഭിനയിച്ചത്.
ആദ്യമായി ഓഡിഷൻ നടത്തിയ സംവിധായകൻ എന്ന നിലയിൽ, എന്നെങ്കിലും സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ എന്നെ അഭിനയിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജിനുണ്ടായിരുന്നു.
അങ്ങനെയാണ് ലൂസിഫറിലേക്കു വിളിച്ചത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അസിനെ ഓഡിഷൻ നടത്തിയെങ്കിലും ആ സിനിമ മാറ്റിവയ്ക്കേണ്ടി വന്നതോടെ ഇരുവരെയും ഒന്നിച്ച് അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായി. -ഫാസിൽ