ആലുവ: നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന നന്ദിനി-രാജ് ദമ്പതികളുടെ ഏക മകൻ പ്രഥ്വിരാജിനാണ് ഞായറാഴ്ച്ച ദാരുണാന്ത്യം സംഭവിച്ചത്.
നാടാകെ ഈ ദു:ഖത്തിൽ പങ്കാളികളാവുകയും ആശുപത്രികളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്റ്റ്മോർട്ടം മരണം സംബന്ധിച്ച് ദുരൂഹതയുണർത്തുകയാണ്.
ഇതേത്തുടർന്നു മരണകാരണം സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടുകയാണ്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ ഒന്നിനു പകരം രണ്ട് നാണയത്തുട്ടുകളാണ് കണ്ടെത്തിയത്.
ഒന്ന് ഒരു രൂപയുടെയും മറ്റേത് 50 പൈസയുടേതുമായിരുന്നു. ഈ നാണയങ്ങൾ വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയും ഒരു രൂപ നാണയം വിഴുങ്ങിയെന്നായിരുന്നു.
എന്നാൽ നാണയം വയറ്റിൽ എത്തുമ്പോൾ ചെറുകുടലിനോ വൻകുടലിനോ യാതൊരു ക്ഷതവുമേറ്റിരുന്നില്ലായെന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല ഒരു നാണയം പുറത്തേക്ക് വരാൻ മലാശയം വരെ എത്തിയ നിലയിലായിരുന്നു.
കുട്ടിയെ ചികിത്സക്കായി ആദ്യമെത്തിച്ച ആലുവ ജില്ലാ ആശുപത്രിയിലേയും ആലപ്പുഴ മെഡിക്കൽ കോളജിലേയും എക്സ്റേകളിൽ വയറ്റിൽ ഒരു നാണയമാണ് തെളിഞ്ഞു കണ്ടിരുന്നത്.
പോസ്റ്റ്മോർട്ടത്തിൽ രണ്ട് നാണയം കണ്ടെത്തിയതാണ് ദുരുഹതയ്ക്ക് കാരണമായത്. മരണ കാരണങ്ങൾ സ്ഥിരീകരിക്കാൻ കുട്ടിയുടെ ആന്തരീക അവയവങ്ങൾ പതോളജിക്കൽ ഓട്ടോപ്സിക്കായി കാക്കനാട് റീജണൽ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
ഈ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണങ്ങൾ. അതേസമയം, കുട്ടിയുടെ മൃതദേഹം പരവൂർ പൂതക്കുളത്തെ അമ്മയുടെ മുത്തശിയുടെ വീട്ടിൽ സംസ്കരിച്ചു.
കുട്ടി മരിക്കാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് കെമിക്കൽ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ബിനാനിപുരം സിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് ആലുവ ഡിവൈഎസ്പി ജി. വേണു രാഷ്ട്രദീപികയോട് പറഞ്ഞു.