കാക്കനാട്: സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് ഇന്നലെ രാജകീയ പ്രൗഢിയോടെ കടന്നുവന്ന അപ്രതീക്ഷിത ‘അതിഥി’ ജീവനക്കാർക്കും സമീപവാസികൾക്കും കൗതുകമായി. നടന് പൃഥ്വിരാജിന്റെ പുത്തന്‍ ആഡംബരകാറായ ലംബോര്‍ഗിനി ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്യാൻ കൊണ്ടുവന്നതായിരുന്നു സംഭവം. പലരും കാറിനൊപ്പം സെൽഫിയെടുത്തു, ചിലര്‍ തൊട്ടുനോക്കി.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണ് 2.13 കോടി രൂപ വിലമതിക്കുന്ന ഈ കാറെന്ന് ആര്‍ടിഒ റെജി പി. വര്‍ഗീസ് പറഞ്ഞു. 43,16,800 രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചു.
കേരളത്തില്‍ നിലവില്‍ മറ്റു ലംബോര്‍ഗിനികള്‍ ഓടുന്നുണ്ടെങ്കിലും അവയൊന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇവിടെയല്ല. പുതുച്ചേരി ഉള്‍പ്പെടെയുള്ള നികുതി കുറവുള്ള സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ് കേരളത്തില്‍ ഓടുന്നത്.
നികുതിവെട്ടിപ്പിന്റെ പേരില്‍ ചലച്ചിത്രതാരങ്ങള്‍ അടക്കം നിയമനടപടി നേരിടുന്ന സാഹചര്യത്തിലാണ് പൃഥ്വിരാജ് കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് മാതൃക കാട്ടിയത്.പൃഥ്വിയുടെ ഭാര്യാപിതാവ് വിജയ് മേനോനാണ് കാറുമായി രജിസ്ട്രേഷനെത്തിയത്. ആടുജീവിതമെന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവല്ലയിലായതിനാലാണ് പൃഥ്വി എത്താതിരുന്നതെന്ന് വിജയ് മേനോന് പറഞ്ഞു.
നേരത്തെ പൃഥ്വിരാജ് തന്റെ പുതിയ കാറിനായി ആറ് ലക്ഷം മുടക്കി 1 എന്ന നമ്പര്‍ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. കെഎൽ-07, സിഎന്‍ 1 എന്നതായിരിക്കും ലംബോര്‍ഗിനിയുടെ പുതിയ നമ്പര്‍.