ആലുവ: നാണയം വിഴുങ്ങി മരിച്ച പൃഥ്വിരാജ് എന്ന മൂന്നു വയസുകാരന്റെ മാതാവ് നന്ദിനി ആലുവ ജില്ലാ ആശുപത്രിക്കു മുന്നിൽ 35 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു.
പട്ടികജാതി വകുപ്പും അൻവർ സാദത്ത് എംഎൽഎയും ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് ചികിത്സാ പിഴവുണ്ടായോയെന്ന് മെഡിക്കൽ ബോർഡ് വിശദമായി പരിശോധിക്കും. കുടുംബത്തിനു വന്ന ചികിത്സാ ചെലവ് പട്ടികജാതി വകുപ്പ് നൽകും.
കൂടാതെ മാതാവിന് താമസിക്കാൻ സ്ഥലവും വീടും വകുപ്പിന് കീഴിൽ ഏതെങ്കിലും സ്ഥാപനത്തിൽ താത്കാലിക ജോലി നൽകാനും ധാരണയായി. ജോലി സ്ഥിരപ്പെടുത്തി കൊടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് രണ്ടിനായിരുന്നു കുട്ടി മരണപ്പെട്ടത്. ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്റെ മരണകാരണം ശ്വാസതടസം മൂലമാണെന്ന് പരിശോധനാ റിപ്പോർട്ട് പുറത്തു വരികയായിരുന്നു.
കാക്കനാട് ഫോറൻസിക് ലാബിൽ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് ഈ കാര്യം തെളിഞ്ഞത്. എന്നാൽ, കണ്ടെത്തലുകൾ അംഗീകരിക്കാൻ മാതാവും ബന്ധുക്കളും തയാറാകാതിരിക്കുന്നതാണ് സമരത്തിലേക്ക് എത്തിച്ചത്.
മരണകാരണം നാണയം വിഴുങ്ങിയത് മൂലമല്ലെന്നും ശ്വാസംമുട്ട് കാരണമാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ട് ചികിത്സ നിഷേധിച്ചവരെ സംരക്ഷിക്കുന്ന പോലീസിനെയും കറ്റക്കാരായ ഡോക്ടർമാരെയും രക്ഷിക്കാനാണെന്നായിരുന്നു അവരുടെ ആരോപണം.
പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് മാതാവ് സമരം നടത്തി വന്നിരുന്നത്.