കൊച്ചി: നാണയം വിഴുങ്ങി മരിച്ച ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം നന്ദിനി-രാജു ദമ്പതികളുടെ മകന് പൃഥ്വിരാജിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയതായി കണ്ടെത്തി. കുട്ടിയുടെ ആന്തരികാവയങ്ങളുടെ പരിശോധനയും നടത്തും. മരണകാരണം വ്യക്തമാക്കാനാണ് ഇത്.
കുട്ടിയെ ചികിത്സയ്ക്കായി മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ കിട്ടാതെയാണു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു
ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച് കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്. തുടർന്ന് 11ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ എക്സ്റേ എടുത്തശേഷം ആശുപത്രി അധികൃതർ വീട്ടിലേക്കു പറഞ്ഞുവിട്ടു.
നാണയം കുടലില്‍ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നല്കിയാല് വയറ്റില്‍നിന്ന് നാണയം പൊയ്ക്കൊള്ളുമെന്നുമാണ് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷനുള്ള സാധ്യത തേടിയ ബന്ധുക്കളോട് ആശുപത്രിയില്‍ കുട്ടികളുടെ സര്ജന് ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
തുടര്‍ന്ന് കുട്ടിയുടെ അമ്മ നന്ദിനിയും അവരുടെ അമ്മ യശോദയും ചേര്‍ന്ന് കുട്ടിയെ ഓട്ടോറിക്ഷയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും കുട്ടിയുടെ എക്സ്റേ എടുത്തശേഷം നാണയം കുടലിനു താഴേക്ക് എത്തിയതായി ഡോക്ടർമാർ പറഞ്ഞു.
വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാൻ നിര്‍ദേശിച്ചതോടെ ആശുപത്രിയുടെ ആംബുലന്‍സിൽ വൈകിട്ട് നാലോടെ അവിടെ എത്തിച്ചു.
കണ്ടെയ്ൻമെന്റ് സോണില്‍നിന്നു വന്നതിനാല്‍ അഡ്മിറ്റ് ചെയ്യാനാകില്ലെന്നും ഓപ്പറേഷന് ചെയ്യേണ്ടതില്ലെന്നുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറിയിച്ചത്.
നാണയം സ്വയം പോയില്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു കുട്ടിയെ കൊണ്ടുവരാനും നിര്‍ദേശിച്ചു. രാത്രി ഒമ്പതോടെ കുട്ടിയുമായി ഓട്ടോറിക്ഷയില്‍ കടുങ്ങല്ലൂരിലെ വീട്ടിലേക്ക് തിരിച്ച ഇവർ ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് വീട്ടില്‍ എത്തിയത്.
അഞ്ചരയോടെ കുഞ്ഞ് ഉണരാതെ വന്നപ്പോൾ വീണ്ടും ഇവർ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ കൊണ്ടുവന്നപ്പോഴും കുട്ടിക്ക് ജീവന് ഉണ്ടായിരുന്നതായും, ആറേകാലോടെ മരിച്ചെന്നും ബന്ധുക്കൾ പറയുന്നു.
ഒരു ദിവസം മുഴുവന്‍ അലഞ്ഞിട്ടും ശരിയായ ചികിത്സ ലഭിക്കാത്തതു മൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.