കഴിഞ്ഞ രണ്ടുദിവസമായി താരസംഘടന അമ്മയില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു പൃഥ്വിരാജ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അമ്മയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ വഴിയൊരുക്കിയത് പൃഥ്വിയുടെയും കൂട്ടരുടെയും നിലപാടുകളായിരുന്നു. ഇപ്പോള്‍ പൃഥ്വിയെന്താണ് മിണ്ടാത്തതെന്ന ചോദ്യം ഉയരുകയും ചെയ്തു. മൗനം ഭജിച്ച പൃഥ്വി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
രാജിവച്ച നടിമാര്‍ കാട്ടിയ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവര്‍ക്കൊപ്പമാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനത്തെ എതിര്ക്കുന്നവരുണ്ടാകാം. എന്നാല്‍ ശരിയേത് തെറ്റേത് എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടു പോലെയിരിക്കുമെന്നതാണു തന്റെ നിലപാട്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിശബ്ദത പാലിക്കുന്നയാളല്ല താന്‍.
‘അമ്മ’യില്‍ നടക്കുന്ന കാര്യങ്ങളില്‍ ശരിയായ സമയം വരുമ്പോള്‍ തീരുമാനം വ്യക്തമാക്കും. താന്‍ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല. എങ്കിലും അമ്മ എടുക്കുന്ന തീരുമാനങ്ങളില്‍ തന്റെ മേലും പഴിചാരാം. ദിലീപുമായി സിനിമ ചെയ്യാന്‍ ഒരു ആലോചനയും ഇതുവരെ ഉണ്ടായിട്ടില്ലെന്നു പറഞ്ഞ പൃഥ്വിരാജ് വ്യക്തമാക്കി- ഇത്രയുമാണ് അഭിമുഖത്തില്‍ അദേഹം പറഞ്ഞ പ്രസക്തമായ കാര്യങ്ങള്‍.
അമ്മ വിടുന്നതു സംബന്ധിച്ച് പൃഥ്വി സിനിമയിലെ അടുത്ത സുഹൃത്തുക്കളോട് അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞദിവസം അമ്മ ജനറല്‍ ബോഡി യോഗത്തിലും അദേഹം വന്നിരുന്നില്ല. അമ്മയില്‍ അംഗമാണെന്നതൊഴിച്ചാല് സംഘടനയുമായി വലിയ അടുപ്പവും പൃഥ്വിയ്ക്കില്ല. ഡബ്യുസിസിയില്‍ നിന്നും രാജിവച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നടി മഞ്ജു വാര്യരും ഇവര്‍ക്കൊപ്പം ശക്തമായി തന്നെയുണ്ട്. വരും ദിനങ്ങളില്‍ അമ്മയ്ക്കെതിരേ കൂടുതല്‍ ആളുകള്‍ രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്.