പൃഥിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ആടുജീവിതം എന്ന ചിത്രത്തില്‍ നിന്ന് പൃഥിരാജ് പിന്മാറി എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് സംവിധായകന് ബ്ലസ്സി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഘട്ടങ്ങളിലാണ് താന്‍ ഡേറ്റ് നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കികൊണ്ട് പൃഥിരാജ് നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. ഈ ഇടവേളയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍ പൂര്‍ത്തിയാക്കും എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വി പറയാതെ പറയുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന് ബ്ലെസ്സിയെ നേരില്‍ കണ്ട് ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും വളരെ സങ്കീര്‍ണമായ ഈ വേഷം ചെയ്യാന്‍ തനിക്ക് പലഘട്ടങ്ങളിലുള്ള ശാരീരിക പരിവര്‍ത്തനം ആവശ്യമാണെന്നും അതിനാലാണ് പല ഘട്ടങ്ങളായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നുമാണ് പൃഥ്വിരാജ് നല്കുന്ന വിശദീകരണം.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്കോട്ടലന്റിലാണ് ഞാനിപ്പോള്‍ ഉള്ളത്. ബ്ലെസിയോടൊപ്പമുള്ള എന്റെ സ്വപ്ന ചിത്രമായ ആടുജീവിതം, ഞാന്‍ ഡേറ്റ് കൊടുക്കാത്തത് മൂലം ഉപേക്ഷിച്ചുവെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വായിക്കാനിടയായി. ഇത് തികച്ചും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. 2017 നവംബര്‍ മുതല്‍ മാര്‍ച്ച് 2019 വരെ പല ഘട്ടങ്ങളായിട്ടാണ്, എന്റെ സ്വപ്ന സിനിമയായ ആടുജീവിത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യുന്നതിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ശാരീരികമായ പരിവര്‍ത്തനങ്ങളിലൂടെയും കടന്നു പോകേണ്ടതിനാലാണ് പല ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്നത്. ഇതിന്റെ ഇടവേളകളില്‍ ഞാനെന്താവും ചെയ്യുക എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ അല്ലേ? അത് എല്‍ എന്ന അക്ഷരത്തില്തുടങ്ങുന്ന ഒന്നാണ്. ചിത്രത്തിന്റെ തിരക്കഥ വളരെ ഭംഗിയായി പൂര്‍ത്തിയായിട്ടുണ്ട്. ഈ ചിത്രത്തിനുവേണ്ടി ഏറ്റവും പ്രഗല്ഭരായ അണിയറ പ്രവര്‍ത്തകര്‍ അടങ്ങുന്ന ടീമും ഒരുങ്ങി കഴിഞ്ഞു. ഞാന്‍ പത്ത് ദിവസം മുന്‍പ് ബ്ലെസ്സിയെ കണ്ട് ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ സംസാരിച്ചിരുന്നു. അടിസ്ഥാന രഹിതമായ ഇത്തരം വാര്‍ത്തകളുടെ സ്രോതസ്സ് എന്താണെന്ന് എനിക്കറിയില്ല. എല്ലാവര്ക്കും ഈസ്റ്റര്‍, വിഷു ആശംസകള്‍! -പൃഥ്വി