‘ആടുജീവിതം എന്ന കഥ, ആ പുസ്തകം, ആ ജീവിതം… ഇന്നിപ്പോള്‍ ഈ സിനിമ മലയാളിയുടേതായിരിക്കുന്നു. ഞങ്ങള്‍ ഒരു നിമിത്തമായെന്നേയുള്ളൂ. ഇതുപോലെ വളരെ ചുരുക്കം സിനിമകളാണ് ഒരു ഇന്‍ഡസ്ട്രിയുടെ സിനിമ അല്ലെങ്കില്‍ എല്ലാ മലയാളികളുടെയും സിനിമ എന്ന ഐഡന്റിറ്റിയിലേക്കു റിലീസിനു മുന്നേ എത്തിപ്പെടുക.
ആടുജീവിതം എന്ന സിനിമയുടെ അനുഭവം എന്നെ സ്വാധീനിക്കാന്‍ പോകുന്നത് സിനിമാനടനോ സംവിധായകനോ നിര്‍മാതാവോ ആയിട്ടല്ല, ഒരു മനുഷ്യന് എന്ന രീതിയിലാണ്. ആ സ്വാധീനം വരുംകാലങ്ങളില്‍ എന്റെ അഭിനയത്തെയും സിനിമാനിരീക്ഷണത്തെയും ജീവിതനിരീക്ഷണത്തെയുമൊക്കെ സ്വാധീനിച്ചേക്കാം. ഇതൊരു ലൈഫ് എക്സ്പീരിയന്‍സാണെന്നു ഞാന്‍ കരുതുന്നു.
നജീബ് എന്ന മനുഷ്യന് ജീവിച്ച ജീവിതവുമായും അദ്ദേഹം അനുഭവിച്ച യാതനകളുമായും യാതൊരുവിധ താരതമ്യവുമില്ല. പക്ഷേ, നമ്മുടേതായ രീതിയില്‍ വലിയൊരു യാത്രയായിരുന്നു.
ആടുജീവിതം എന്ന സിനിമയുടെ മേക്കിംഗും നജീബായി ഞാന്‍ ജീവിച്ച കുറച്ചുനാളുകളുമായിരിക്കും ഇനി വലിയ സ്വാധീനമാകുന്നത്’ – ആടുജീവിതം പ്രസ് മീറ്റില്‍ പൃഥ്വിരാജ് പറഞ്ഞു.