ആഞ്ഞടിച്ച് പൃഥ്വിരാജ്, ഞാന്‍ നിര്‍മാതാക്കളുടെ ഒപ്പമാണ്, കേരളത്തില്‍ എത്ര നല്ല തിയറ്ററുകളുണ്ട്? സിനിമപ്രതിസന്ധിയില്‍ പൃഥിക്കു പറയാനുള്ളത്

prithviതിയറ്റര്‍ ഉടമകളുടെ സമരത്തിനെതിരേ ആഞ്ഞടിച്ച് പൃഥ്വിരാജ് രംഗത്ത്. പുലിമുരുകന്‍ സമ്മാനിച്ച ആരവങ്ങള്‍ക്കിടയില്‍ മലയാള സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. തിയറ്റര്‍ ഉടമകളുടെ സമരത്തില്‍ എന്തുകൊണ്ട് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പക്ഷത്ത് നില്ക്കുന്നുവെന്ന കാര്യവും അദേഹം വിവരിക്കുന്നു. ഞാന്‍ ഒരു നിര്‍മാതാവോ വിതരണക്കാരനോ ആയതു കൊണ്ടല്ല അവര്‍ക്കൊപ്പം നില്ക്കുന്നത്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന, ലോകത്തിനു മുന്നില്‍ നമ്മുടെ സിനിമയെ നമ്മുടെ സംസ്കാരത്തിന്റെ നെടുന്തൂണുകളില്‍ ഒന്നായി ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ സ്‌നേഹി ആയതു കൊണ്ടാണ്-പൃഥ്വി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്

നമസ്കാരം, കഴിഞ്ഞ രണ്ടു മാസങ്ങളോളം ജോലി സംബന്ധവും അല്ലാതെയും ആയി ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു. ഈ കാലയളവില്‍ സാക്ഷാത്കരിക്കപ്പെട്ടതു മലയാള സിനിമ വ്യവസായത്തിന്റെ ഒരു വലിയ സ്വപ്നവും വരും നാളുകളില്‍ ഇനിയും വലുതായി സ്വപ്നം കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന 100 കോടി എന്ന മഹാത്ഭുതം ആണ്. ‘പുലിമുരുകന്‍’ എന്ന സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!

എന്നാല്‍ ഈ പോസ്റ്റ് ഇതേ കാലയളവില്‍ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന, മറ്റൊരു മഹാത്ഭുതത്തെ പറ്റി ആണ്….സിനിമ സമരം! മുന്‍പെങ്ങും ഇല്ലാത്ത ഒരു ഊര്‍ജം കൈവരിച്ചു വന്ന മലയാള സിനിമ വ്യവസായത്തിന്റെ 75 കോടിയില്‍പരം മുടക്കു മുതലിന് തടയിട്ടുകൊണ്ട് എന്തിനായിരുന്നു ഇങ്ങനെ ഒരു സമരം? പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ വിഹിതം വേണമെന്ന ചില തിയേറ്റര്‍ ഉടമകളുടെ ആവശ്യം. കേരളത്തില്‍ ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു എ ക്ലാസ് റിലീസ് തിയേറ്റര്‍ പോലും നിരന്തരമായി നഷ്ടത്തില്‍ ആണ് പ്രവര്‍ത്തനം തുടരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല, ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും പോലെ കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെയും ഒരു സുവര്‍ണ്ണ കാലഘട്ടം ആയിരുന്നു 2015-2016 എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ആവശ്യം? ഇപ്പോള്‍ നിലവിലുള്ള വിഹിത കണക്കുകളുടെയും ടാക്‌സ് റേറ്റുകളുടെയും വിശദീകരണത്തിലേക്കു ഞാന്‍ കടക്കുന്നില്ല.. എന്നാല്‍ അവയെപ്പറ്റി അറിഞ്ഞാല്‍, ഒരു നിര്‍മാതാവിന് തന്റെ മുടക്കു മുതല്‍ തിരിച്ചു ലഭിക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്നും എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു ആവശ്യം അപ്രാപ്യം ആണെന്നും വളരെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. ശരി ആണ്.. മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ കോംപ്ലെക്‌സുകള്‍ക്കു നല്‍കുന്ന ലാഭ വിഹിത കണക്കുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട കാര്യം, ഒരു ശരാശരി മള്‍ട്ടിപ്ലെക്‌സില്‍ ഒരു റിലീസ് സിനിമയുടെ 15 മുതല്‍ 25 ഷോകള്‍ വരെ ഒരു ദിവസം നടക്കാറുണ്ട്. അത് പോട്ടെ..ഒരു മള്‍ട്ടിപ്ലെക്‌സ് കോംപ്ലക്‌സ് ഒരു സിനിമ പ്രേക്ഷകന് നല്‍കുന്ന അതേസൗകര്യങ്ങള്‍ ഉള്ള എത്ര സിംഗിള്‍ സ്ക്രീന്‍ തീയേറ്ററുകള്‍ ഉണ്ട് ഇന്ന് കേരളത്തില്‍? ഇനി ഉണ്ട് എന്നാണ് വാദമെങ്കില്‍, എന്തുകൊണ്ട് എല്ലാ സംഘടനകള്‍ക്കും അംഗീകൃതമായ ഒരു തീയേറ്റര്‍ റേറ്റിംഗ് പാനല്‍/ബോഡി രൂപികരിച്ചു തീയേറ്ററുകള്‍ അത്തരത്തില്‍ റേറ്റ് ചെയ്തു വിഹിതം നിശ്ചയിച്ചുകൂടാ?

ഈ ആശയ തര്‍ക്കത്തില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കുന്നു… ഞാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പം ആണ്. അത് ഞാന്‍ ഒരു നിര്‍മാതാവോ വിതരണക്കാരനോ ആയതു കൊണ്ടല്ല. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന, ലോകത്തിനു മുന്നില്‍ നമ്മുടെ സിനിമയെ നമ്മുടെ സംസ്കാരത്തിന്റെ നെടുന്തൂണുകളില്‍ ഒന്നായി ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ സ്‌നേഹി ആയതു കൊണ്ടാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം എത്രയും പെട്ടന്ന് ഉണ്ടായി, കേരളത്തിലെ സിനിമ ശാലകള്‍ എത്രയും പെട്ടന്ന് വീണ്ടും ജനസാഗരങ്ങള്‍ക്കു സാക്ഷ്യം വഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്..
പ്രിഥ്വി.

Related posts