തന്റെ സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മടികാട്ടാത്ത നടനാണ് പൃഥ്വിരാജ്; സമീപകാലത്തിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാണ് ടൊവിനോ തോമസ് എന്ന യുവനടനോടു ചോദിച്ചാല്‍ അദ്ദേഹം അത് അക്ഷരംപ്രതി ശരി വയ്ക്കും. ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിലൂടെ സഹനടനില്‍ നിന്നും നായക നിരയിലേക്ക് ഉയര്‍ന്ന ടൊവിനോയെ പുകഴ്ത്താനും പൃഥ്വിരാജ് മറന്നില്ല.
‘ഒരു മെക്‌സിക്കന്‍ അപാരത’യുടെ അണിയറക്കാര്‍ക്കും നായകകഥാപാത്രത്തെ അവതരിപ്പിച്ച ടൊവീനോയ്ക്കും പൃഥ്വിരാജ് അഭിനന്ദനം നേര്‍ന്നു. ചിത്രം നേടിയ വലിയ വിജയത്തിന് അണിയറക്കാരെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ പൃഥ്വി ടൊവീനോയുടെ അഭിനയത്തെയും പരാമര്‍ശിക്കുന്നു. ‘നിങ്ങളുടെ കാര്യത്തില്‍ ഏറെ സന്തോഷിക്കുന്നു ബ്രദര്‍, ഒരു നടനും താരവുമായുള്ള നിന്റെ വളര്‍ച്ച കാണുന്നതില്‍ ആവേശമുണ്ട്. ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്.’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
പൃഥ്വിരാജ് നായകനായ ആര്‍.എസ്.വിമല്‍ ചിത്രം ‘എന്ന് നിന്റെ മൊയ്തീന്‍’ആയിരുന്നു ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രം. പൃഥിരാജിന്റേതായി അവസാനമിറങ്ങിയ ‘എസ്ര’യിലും ടൊവിനോയ്ക്ക വേഷമുണ്ടായിരുന്നു. ഏറ്റവുമൊടുവിലിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘എസ്ര’യില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവിനോ എത്തിയത്. നായകവേഷത്തില്‍ തനിച്ച്, ടൊവീനോയുടെ ആദ്യവിജയമാണ് ‘ഒരു മെക്‌സിക്കന്‍ അപാരത’. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനാണ് ടൊവീനോയുടെ കഥാപാത്രം. എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രമൊരുങ്ങിയത്.