ഐ ആം ഫോര്‍ ആലപ്പിയുടെ വിജയഗാഥ തുടരുന്നു. പ്രളയത്തില്‍ കറവപ്പശുക്കളെ നഷ്ടപ്പെട്ട പ്രളയബാധിതരായ രണ്ടുപേര്‍ക്കുകൂടി ഡൊണേറ്റ് എ കാറ്റില്‍ പദ്ധതി പ്രകാരം പശുക്കളെ വിതരണം ചെയ്തു. സബ് കളക്ടര്‍ വി.ആര്. കൃഷ്ണ തേജയുടെ സാന്നിധ്യത്തില്‍ ആലപ്പുഴ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പരിസരത്തുനടന്ന ചടങ്ങില്‍ ചലച്ചിത്രതാരം മല്ലിക സുകുമാരന്‍ പശുക്കളെ വിതരണം ചെയ്തു.
പൃഥ്വിരാജും ആന്ധ്രപ്രദേശ് റൂറല്‍ ഡവലപ്മെന്റ് ട്രസ്റ്റുമാണ് പശുക്കളെ സംഭാവനയായി നല്‍കിയത്. വെളിയനാട് ബ്ലോക്കിലെ മറിയാമ്മ ചാക്കോ, ആര്യാട് ബ്ലോക്കിലെ നിഷാദ് എന്നിവര്‍ക്കാണ് കറവപ്പശുക്കളെ വിതരണം ചെയ്തത്. ക്ഷീരമേഖലയിലെ പ്രളയ ദുരിതാശ്വാസസമിതിയുടെ നേതൃത്വത്തില്‍ ഡൊണേറ്റ് എ കാറ്റില്‍ പരിപാടിയുടെ 15ാം ഘട്ട വിതരണ ഉദ്ഘാടനമായിരുന്നു ഇത്.
ഇതോടെ ജില്ലയിലെ 74 കര്‍ഷകര്‍ക്കാണ് വിവിധ ദാതാക്കളുടെ സഹായത്തോടെ പശുക്കളെ വിതരണം ചെയ്തത്.
പദ്ധതി പ്രകാരം 133 ക്ഷീര കര്‍ഷകര്‍ക്ക് കറവപ്പശുക്കളെ ലഭിക്കും. ചടങ്ങില്‍ ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടര്‍ കെ.ജി. ശ്രീലത, ക്ഷീരമേഖലയിലെ ജില്ല പ്രളയ ദുരിതാശ്വാസ സമിതി ചെയര്മാന് വി. ധ്യാനസുതന്, അസി. ഡയറക്ടര്‍ സി.ഡി. ശ്രീലേഖ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ.എസ്. കവിത, പ്രസന്ന ചിത്രകുമാര്‍, ക്ഷീര വികസന ഓഫീസര്‍മാരായ കെ. രാജി, പി. സുനിത, എസ്. ഗീത, എസ്. ശ്രീജ, സെല്‍മ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.