താരാരാധന പലവിധത്തിലാണ് ആളുകള്‍ പ്രകടിപ്പിക്കാറ്. തലശ്ശേരി സ്വദേശി വിഷ്ണു, പൃഥിരാജ് എന്ന യുവനടനോടുള്ള തന്റെ ആരാധന പ്രകടമാക്കുന്നത്, അദ്ദേഹത്തിന്റെ സിനിമകളിലെ പ്രമുഖ സീനുകള്‍ ഡബ്സ്മാഷ് ചെയ്തുകൊണ്ടാണ്. പൃഥ്വിരാജിന്റെ കടുത്ത ആരാധകന് കൂടിയാണ് വിഷ്ണു. ധാരാളം ഡബ്സ്മാഷുകള്‍ വിഷ്ണുവിന്റേതായി പുറത്തുവന്നിരുന്നു. അതിനെല്ലാം മികച്ച പ്രതികരണവും സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ വിഷ്ണുവിന്റെ ഡബ്സ്മാഷ് കണ്ട് അഭിനന്ദനമറിയിച്ച്, പൃഥിരാജ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. പൃഥ്വിക്കു പിന്നാലെ അഭിനന്ദനവുമായി പൃഥ്വിയുടെ ഭാര്യ സുപ്രിയയുമെത്തിയത് വിഷ്ണുവിന് ഇരട്ടി മധുരമായി.
ചിത്രീകരണത്തിരക്കുകള്ക്കിടയിലും ആരാധകന് ആവശ്യപ്പെട്ടാരു കാര്യത്തിന് പൃഥ്വി നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായിരുന്നു, ആരാധകനായ വിഷ്ണു ദേവ ഒരു കാര്യം താരത്തിനോട് ആവശ്യപ്പെട്ടത്.”സര് ഞാന്‍ നിങ്ങളുടെ വലിയ ഒരു ഫാനാണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ കാണുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്സ്മാഷ് വീഡിയോസ് ചെയ്യുന്നത്. എന്റെ എതെങ്കിലും ഒരു വീഡിയോ നിങ്ങള്‍ കണ്ടാല്‍ അതില്‍പ്പരം അഭിമാനം എനിക്കുണ്ടാകില്ല. പ്ലീസ് രാജുവേട്ടാ ഒരു തവണ”. വിഷ്ണു പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചത് ഇങ്ങനെയായിരുന്നു.
വിഷ്ണുവിന് മറുപടിയായി പൃഥ്വി പിന്നീട് രംഗത്തെത്തിയിരുന്നു. ‘നിങ്ങള്‍ ചെയ്തതില്‍ ഒന്നല്ല കുറെയധികം വീഡിയോസ് ഞാന്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് പൃഥ്വി എത്തിയത്. ”നിങ്ങളുടെ സമര്‍പ്പണ മനോഭാവം വലിയ പ്രശംസയായി ഞാന്‍ കാണുന്നു. എനിക്ക് വലിയ അഭിമാനമുണ്ട് നിങ്ങളെപ്പോലെയൊരു ആരാധകനെ കിട്ടിയതില്‍. ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു. നമുക്ക് ഉടന്‍ തന്നെ നേരില്‍ കാണാന്‍ കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു” പൃഥ്വി വിഷ്ണുവിനോട് പറഞ്ഞു.
പൃഥിയുടെ മറുപടി കണ്ട് വികാരധീനനായി വിഷ്ണു നന്ദിയറിച്ചു കൊണ്ട് പിന്നീട് ഒരു കമന്റുകൂടിയിട്ടു ”മതി ഏട്ടാ ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും വേണ്ട. കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്. കൈകള്‍ വിറയ്ക്കുന്നു. ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു സര്. എപ്പോഴും നിങ്ങളുടെ നമ്പര്‍ വണ്‍ ഫാനായിരിക്കും ഞാന്‍. വിഷ്ണു പറഞ്ഞു. ഡബ്സ്മാഷുകള്‍ക്ക് ആശംസ നേര്‍ന്നു കൊണ്ട് സുപ്രിയയും കൂടിയെത്തിയതോടെ വിഷ്ണുവിന് ഇരട്ടി സന്തോഷം. എന്തായാലും വിഷ്ണുവിന്റെയും പൃഥ്വിയുടെയും സോഷ്യല്മിഡീയ പോസ്റ്റുകള്‍ ഇരുവരുടെയും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.