സംസാരത്തിലും എഴുത്തിലും പ്രയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ പേരില്‍ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാകുന്ന രണ്ട് വ്യക്തികളാണ് ഒന്ന്, കോണ്‍ഗ്രസ് എംപി ശശി തരൂരും രണ്ട്, നടന്‍ പൃഥിരാജും. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും മറ്റുമാണ് പ്രധാനമായും ട്രോളന്മാര്‍ എടുത്തുപയോഗിക്കാറ്.
ഇക്കഴിഞ്ഞ ദിവസങ്ങളിലും പൃഥിരാജ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പിന് ട്രോള്‍ ഇറങ്ങിയിരുന്നു. പൃഥിരാജ് ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പ് ഒരു വ്യക്തി പരിഭാഷപ്പെടുത്തിയതാണ് പിന്നീട് വൈറലായത്. തന്നെ അത് ഏറെ ചിരിപ്പിച്ചു എന്ന് വ്യക്തമാക്കി പൃഥിരാജ് അത് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വരുന്ന ഇത്തരം ട്രോളുകളെ സംബന്ധിച്ചുള്ള അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പൃഥിരാജ് ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥിരാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൃഥിരാജിന്റെ വാക്കുകളിങ്ങനെ…
നിങ്ങളതു നിര്‍ത്തിയാല്‍ പുതിയ പുതിയ ഇംഗ്ലിഷ് വാക്കുകള്‍ പഠിച്ചിട്ട് ഞാന്‍ എഴുതും. കാരണം ഞാനത് എന്‍ജോയ് ചെയ്യുന്നുണ്ട്. ചിലതൊക്കെ വളരെ രസകരമാണ്. ചിലതൊക്കെ വായിച്ച് ഞാന്‍ മനസ്സറിഞ്ഞ് ചിരിക്കാറുമുണ്ട്. ലൂസിഫര്‍ പായ്ക്ക് അപ്പ് ആയി എന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ തര്‍ജമ വായിച്ച് കുറേ നേരം ചിരിച്ചു. അത് ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്യുന്നുണ്ട്. ട്രോള്‍ ചെയ്യുക ഒരു കലയാണ്. അതൊരു വലിയ കഴിവാണ്. ഞാനതിനെ അഭിനന്ദിക്കുന്നു. ചിലപ്പോള്‍ ചിലതൊക്കെ മോശമാകാറുമുണ്ട്.