സിനിമയിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച്, അവരുടെ ബുദ്ധിമുട്ടുകള്‍ക്കും പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിനും എന്നു വാദിച്ചുകൊണ്ട് മലയാള സിനിമയിലെ ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് രൂപം കൊടുത്ത വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
സംഘടന തുടങ്ങിയ സമയത്ത് നടന് പൃഥിരാജ് സംഘടനയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, താരസംഘടന അമ്മയില്‍ അംഗമായിരിക്കെ തന്നെ താന്‍ അങ്ങനെ ചെയ്തതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി പൃഥിരാജ് രംഗത്തെത്തിയിരിക്കുന്നു.
വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയറിയിച്ചത് സ്വന്തം താല്പര്യപ്രകാരമല്ലെന്ന സൂചനാണ് പൃഥിരാജ് ഇപ്പോള്‍ നല്‍കുന്നത്. വനിതാ സംഘടനയെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് സംവിധായിക അഞ്ജലി മേനോന് ആവശ്യപ്പെട്ടതു പ്രകാരമാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പൃഥിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘സിനിമയിലെ വനിതാ സംഘടന രൂപീകരിച്ചപ്പോള്‍ സംവിധായിക അഞ്ജലി മേനോന് വിളിച്ച് ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിടാമോ എന്നു ചോദിച്ചു. ഞാന്‍ അങ്ങനെ ചെയ്തു’. എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍.
എ.എം.എം.എയില്‍ സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേയെന്ന് ചോദ്യത്തിന് പൃഥിരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു . ‘അമ്മയില്‍ സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നൊന്നും പറയാന്‍ എനിക്കാവില്ല. കഴിഞ്ഞ നാലു ജനറല്‍ ബോഡികളില്‍ പങ്കെടുക്കാന്‍ തിരക്കുമൂലം എനിക്കു കഴിഞ്ഞിട്ടുമില്ല.’ പൃഥ്വിരാജ് പറഞ്ഞു.