മലയാള സിനിമയില്‍ തങ്ങളുടേതായ സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞവരാണ് നടന് സുകുമാരന്റെ മക്കളായ പൃഥിരാജും ഇന്ദ്രജിത്തും. പൃഥിരാജ് ഇപ്പോഴിതാ സംവിധാന മേഖലയിലേയ്ക്കും കൈവച്ചിരിക്കുന്നു. അതിലും വലിയ പ്രതീക്ഷയാണ് ആളുകള്‍ വച്ചു പുലര്‍ത്തുന്നത്.
ഇപ്പോഴിതാ തന്റെ സഹോദരനായ ഇന്ദ്രജിത്തിനെക്കുറിച്ച് തനിക്കുള്ള അഭിപ്രായം വെളിപ്പെടുത്തി പൃഥിരാജ് രംഗത്തെത്തിയിരിക്കുന്നു. തന്റെ പുതിയ സിനിമയായ ലൂസിഫറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് പൃഥിരാജ് ഇക്കാര്യം തുറന്നു പറഞ്ഞത്.
മലയാളസിനിമ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് ഇന്ദ്രജിത്ത് എന്നും മലയാളത്തിലെ ചെറുപ്പക്കാരായ അഭിനേതാക്കളില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്ദ്രജിത്തിന്റെ സ്ഥാനമെന്നും അനിയനെന്ന നിലയിലല്ല ഫിലിംമേക്കര്‍ എന്ന രീതിയിലുള്ള തന്റെ അഭിപ്രായമാണെന്നും പൃഥ്വി പറഞ്ഞു.
‘ചേട്ടന് ഈ സിനിമയില്‍ (ലൂസിഫറില്‍) വളരെ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഇതിനുമുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, മലയാളത്തില്‍ പ്രായംകുറഞ്ഞ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രജിത്ത്. ഇത് അദ്ദേഹത്തിന്റെ അനുജനായിട്ടല്ല, ഫിലിംമേക്കര്‍ എന്ന രീതിയിലാണ് ഞാന്‍ പറയുന്നത്. സൂപ്പര്‍സ്കില്‍ഡ് എന്നുപറയാം. ഇപ്പോഴും മലയാളസിനിമ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലാത്ത പുതുതലമുറയിലെ ഏറ്റവും മികച്ച താരം.
‘ഇന്ദ്രജിത്ത് എന്ന നടനോടുള്ള സ്നേഹം അതുപോലെ തന്നെ പങ്കുവയ്ക്കുന്ന ആളാണ് മുരളി ഗോപി. എന്റെ േചട്ടന്റെ കരിയറിലെ ഗംഭീരമായ കഥാപാത്രം സൃഷ്ടിച്ചതും മുരളി തന്നെയാണ്. വട്ടുജയന്‍.’
‘അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ല ലൂസിഫറില്‍ ചേട്ടന്റേത്. പക്ഷേ, ലൊക്കേഷനില്‍ എത്തി കാമറയ്ക്കു മുന്നില്‍ അദ്ദേഹം ചെയ്യുന്നത് മികവോടുകൂടിയാണ്. ഒരു ഷോട്ടിലെങ്കിലും ആഗ്രഹിച്ചു, ‘എന്താ ഈ ചെയ്യുന്നത്’ എന്നൊക്കെ ചോദിക്കണമെന്ന്. അതിനൊരവസരം പോലും ചേട്ടന് തന്നില്ല. ആ കഥാപാത്രത്തെ അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട്. ഒരുകാര്യം കൂടി, ഞാന്‍ ഈ പറയുന്നത് എന്റെ അഭിപ്രായമാണ്’. പൃഥ്വിരാജ് പറഞ്ഞു.