ഒരുകാലത്ത് മലയാള സിനിമയിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. പക്ഷേ നീണ്ട ഇടവേളയെടുത്ത് അദ്ദേഹം പിന്നീട് മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയുണ്ടായി. ഇപ്പോള്‍ സിനിമയില്‍ സജീവമായ അദ്ദേഹം പുതിയ സിനിമയുമായി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്.
എന്നാലും ശരത് എന്നാണ് ചിത്രത്തിന്റെ പേര്. ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയുമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൃഥിരാജ് എന്ന നടനെക്കുറിച്ചും, ചെറുപ്പം തൊട്ട് തനിക്ക് രാജുവുമായുള്ള പരിചയത്തെക്കുറിച്ചുമാണ് ബാലചന്ദ്രമേനോന്‍ പ്രധാനമായും പറയുന്നത്.
ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
അങ്ങിനെ ‘എന്നാലും ശരത് ..? ‘ എന്ന എന്റെ , അല്ല നമ്മുടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രകാശിതമാവുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെയാണ് …
എന്നാല്‍ അതിലേറെ എന്നെ ആഹ്ലാദവാനാക്കുന്നത്, ആ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശിതമാക്കുന്നത് പുതു തലമുറയിലെ വേറിട്ട സാന്നിധ്യമാണെന്നു ഇതിനകം തെളിയിച്ചു കഴിഞ്ഞ പൃഥ്വിരാജ് ആണ് .
പൃഥ്വിരാജ് എന്നെ സംബന്ധിച്ച് ഒരു സിനിമാക്കാരനല്ല. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ദിവംഗതനായ സുകുമാരന്റെയും കൊളജ് കാലം മുതല്‍ എന്നെ അടുത്തറിയുന്ന ശ്രീമതി മല്ലികയുടെ മകനുമാണ്. രാജുവിനെ കൂടാതെ അച്ഛനൊപ്പവും അമ്മക്കൊപ്പവും ചേട്ടന്‍ ഇന്ദ്രജിത്തുമായും ഒരുമിച്ചു അഭിനയിക്കാന്‍ കഴിഞ്ഞത് ആകസ്മികം മാത്രം!
ഞാന്‍ ഫോണില്‍ എന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പൃഥ്വി എന്ന രാജു എന്നോട് കാണിച്ച പ്രത്യേകമായ സ്നേഹവായ്പ് ഞാന്‍ ഓര്‍ത്തുപോകുന്നു. ഒപ്പം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജു മുഖ്യാതിഥിയായ എന്റെ മുന്നിലേക്ക് പട്ടാളവേഷത്തില്‍ സല്യൂട്ട് ചെയത് നടന്നു വന്നതും ഇന്നലത്തെപ്പോലെ ഓര്‍ത്ത് പോകുന്നു. കാലം എത്ര പെട്ടന്നാണ് പറന്നു പോകുന്നത് !
ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയാന്‍ പോകുന്ന രാജുവിന് അഡ്വാന്‍സായി എന്റെ ഒരായിരം ആശംസകള്‍ …..!
എന്റെ ചിത്രം ജൂലൈ മാസത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. എന്താണ് ‘എന്നാലും ശരത് ‘ എന്ന പേരിന്റെ അര്‍ഥം എന്ന് പലരും ചോദിച്ചു. അവരില്‍ പലരോടും ഞാന്‍ ഇങ്ങനെ പ്രതികരിച്ചു.
‘എന്താണ് താങ്കളുടെ പേര് ?’ ‘മഹേഷ് ‘ എന്നാണു ഉത്തരമെന്നു കരുതുക. മഹേഷ് എന്ന് മാത്രം പറഞ്ഞാല്‍ ഒന്നും പ്രത്യേകിച്ച് തോന്നില്ല. എന്നാല്‍ , എന്നാലും മഹേഷ് ?’ എന്നൊന്ന് പറഞ്ഞു നോക്കൂ. അതില്‍ എന്തൊക്കയോ ഒളിച്ചിരിപ്പുണ്ട് എന്ന് തീര്‍ച്ചയായും തോന്നും. അതേ തോന്നലാണ് ഈ ചിത്രത്തിന്റെ കഥയും. ഇപ്പം അത്രയും മതി.
ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ചിത്രം റിലീസാകുന്ന ദിവസം തന്നെ നിങ്ങള്‍ തിയറ്ററില്‍ പോയി എന്റെ സിനിമ കാണണം. അതെന്റെ ആഗ്രഹമാണ്. ഏവരുടെയും പ്രാര്‍ത്ഥനകളോടെ ജൂണ്‍ രണ്ടാം തീയതി നിങ്ങള്‍ക്കായി പ്രകാശിതമാക്കാന്‍ ഞാന്‍ എന്റെ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അഭിമാനത്തോടെ രാജുവിനെ ഏല്‍പ്പിക്കുന്നു…