അകന്നിരിക്കുന്പോഴും പരസ്പരം വിവാഹവാർഷികാശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഒൻപതാം വിവാഹവാർഷിക ആശംസകൾ.
ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒന്പതു വർഷം ആകുന്പോൾ ആദ്യമായാണ് ഈ ദിവസം നാം അകന്നിരിക്കുന്നത്. പക്ഷേ എന്തു ചെയ്യാം? വേഗം തിരികെയെത്തി എല്ലാം ശരിയാക്കൂ… സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഇപ്പോൾ ജോർദാനിലാണ്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ജോർദാനിൽ കർഫ്യു പ്രഖ്യാപിച്ചതിനാൽ ബ്ലസിയും പൃഥ്വിരാജും ആടുജീവിതത്തിന്റെ അണിയറ പ്രവർത്തകരും അവിടെ കുടുങ്ങിയിരിക്കുകയാണ് .
ഇപ്പോൾ അകലെയാണെങ്കിലും ജീവിതത്തിൽ എന്നും ഒപ്പമുണ്ടാകും – പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൊറോണക്കാലത്തെ പ്രണയം എന്ന ഹാഷ് ടാഗോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്.
പൂർണിമ ഇന്ദ്രജിത്ത്. ടൊവിനോ തോമസ്, ഗായകൻ ഹരിശങ്കർ തുടങ്ങി നിരവധിപേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.
2011ലാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരാകുന്നത്.
മാധ്യമപ്രവർത്തകയായ സുപ്രിയയുമായുള്ള സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. അഞ്ചുവയസുകാരി അലംകൃതയാണ് മകൾ.
വിവാഹശേഷം മാധ്യമപ്രവർത്തനത്തിൽ നിന്ന് ബ്രേക്ക് എടുത്ത സുപ്രിയ ഇപ്പോൾ മലയാള സിനിമാലോകത്തെ ഹിറ്റ് മേക്കിംഗ് നിർമാതാവാണ്.