മലയാളത്തിലെ യുവതാരങ്ങളിൽ ആരെയെല്ലാം സംവിധാനം ചെയ്യാനാണ് താത്പര്യമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുന്നു. ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നീ മൂന്നു പേരെയും സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്.
പക്ഷേ അടിസ്ഥാനപരമായി ഞാനൊരു നടനാണ്. എനിക്ക് വേണമെന്ന് തോന്നിയാലും ഒന്നിന് പിറകെ ഒന്നായി സിനിമകൾ സംവിധാനം ചെയ്യാനാകില്ല. ഞാൻ അങ്ങനെയല്ല. ഞാനിന്നും എന്നെ കാണുന്നത് ഒരു നടനായാണ്. മൂന്ന് വർഷത്തിൽ ഒന്നെന്ന തരത്തിലാണ് ഞാൻ സംവിധാനം ചെയ്യുന്നതിനെ കാണുന്നത്’- പ്രമുഖ മാധ്യമത്തിനോട് പൃഥ്വി പറഞ്ഞു.
50 സിനിമകൾ സംവിധാനം ചെയ്തൊരു സംവിധായകനായി ഞാൻ മാറില്ലെന്ന് എനിക്കറിയാം. പക്ഷേ കുറേനാളു കൂടുന്പോൾ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും. ചില ചിന്തകൾ മനസിലുണ്ട്. പക്ഷെ എന്പുരാന് ശേഷം മാത്രമേ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുകയുള്ളൂ- പൃഥ്വിരാജ് വ്യക്തമാക്കി. നിലവിൽ ബ്ലസി ചിത്രം ആടുജീവിതത്തിനായി തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. ബെന്യാമിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.
കഴിഞ്ഞ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ. ചിത്രം സംവിധാനം ചെയ്തത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു. പിന്നീടുള്ള ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം മനസിലുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നു.