ഗാന്ധിനഗര്‍: കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു വായ്പയെടുത്ത ഗൃഹനാഥനെ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരന് വീട്ടില്‍ കയറി ആക്രമിച്ചു.ആര്‍പ്പൂക്കര പനമ്പാലത്തിനു സമീപം പാറപ്പുറത്ത് ആറാട്ടുകുന്നേല്‍ സുരേഷി (55)നാണ് മര്‍ദനമേറ്റത്. വായ്പ തുകയുടെ ഗഡു അടയ്ക്കാന്‍ വൈകിയതിനാണ് ആക്രമണം.
കേസിൽ കോട്ടയത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായ പള്ളം സ്വദേശി ജാക്സനെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 10നാണു സംഭവം. ജാക്സണ് മറ്റൊരാളുമായി സുരേഷിന്റെ വീട്ടിലെത്തി സ്ഥാപനത്തില്‍നിന്നെടുത്ത വായ്പയുടെ തവണ മുടങ്ങിയതിനെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജാക്സണ് വീടിന്റെ പൂമുഖത്തിരുന്ന ആനയുടെ പ്രതിമയെടുത്ത് സുരേഷിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഏറുകൊണ്ട് സുരേഷിന്റെ ഇടതു ചെവിക്ക് പരിക്കേറ്റു.
വായ്പയുടെ ഒരു ഗഡു അടവ് മുടങ്ങിയതിനാണ് ജീവനക്കാരന് ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. 10,000 രൂപയാണ് സുരേഷ് ഇനി തിരിച്ചടയ്ക്കാനുള്ളത്.മരപ്പണിക്കാരനായ സുരേഷ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ആൻജിയോ പ്ലാസ്റ്റി ചികിത്സയിലായിരുന്നു.
ഇതിനെ തുടര്‍ന്നാണ് പണം അടയ്ക്കാന്‍ വൈകിയതെന്ന് സുരേഷ് സ്ഥാപനത്തിലെ ജീവനക്കാരനെ അറിയിച്ചു. ശാരീരിക അസ്വസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാക്സണ് ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലാണ്.