വൈപ്പിന്‍: ബസില്‍ കയറാന്‍ ചെന്ന യുവതി വിദ്യാര്‍ഥിയാണെന്ന് തെറ്റിദ്ധരിച്ച് ബസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞതിനു യുവതിയുടെ ബന്ധുക്കള്‍ പിറ്റേന്ന് ബസ് തടഞ്ഞ് ഡോര്‍ ചെക്കറെ മര്‍ദിച്ചു. ഞാറക്കല്‍ പെരുമ്പിള്ളി ബസ് സ്‌റ്റോപ്പില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ഡോര്‍ചെക്കര്‍ക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ കൂടുതലായി ബസ് കയറാന്‍ നില്‍ക്കുന്ന പെരുന്പിള്ളി ബസ് സ്‌റ്റോപ്പില്‍ നിന്നും ഈ ബസ് പലപ്പോഴും വിദ്യാര്‍ഥികളെ കയറ്റാറില്ലത്രേ.
ചൊവ്വാഴ്ച ഇതേപോലെ വിദ്യാര്‍ഥികളുടെ തിരക്കുണ്ടായതിനാല്‍ വിദ്യാര്‍ഥിയാണെന്ന ധാരണയില്‍ ഡോര്‍ ചെക്കര്‍ യുവതിയേയും ബസില്‍ കയറാന്‍ അനുവദിച്ചില്ല. എന്നാല്‍ ഫുള്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യുവതി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളും മറ്റും എത്തി ബുധനാഴ്ച രാവിലെ ബസ് തടഞ്ഞു നിര്‍ത്തി ഡോര്‍ചെക്കറെ മര്‍ദിക്കുകയായിരുന്നു. ഉടന്‍ തന്നെ ചെക്കര്‍ ഞാറക്കല്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് പോലീസിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയായിരുന്നു.