കോട്ടയം: വിദ്യാർഥികൾക്ക് ബസുകളിൽ യാത്രാ ആനുകൂല്യം ലഭിക്കുന്നില്ലെന്നു പരാതി. പ്ലസ്ടു, കോളജ് വിദ്യാർഥികളാണ് ഇപ്പോൾ കാന്പസുകളിലെത്തുന്നത്. ക്ലാസുകളും പരീക്ഷകളും പുരോഗമിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ ഒരുവിഭാഗം പ്രൈവറ്റ് ബസുകളിൽ കണ്സഷൻ ലഭിക്കുന്നില്ലെന്നു പരാതി ഉയരുന്നത്. മുഴുവൻ യാത്രാക്കൂലിയും കൊടുത്ത് യാത്ര ചെയ്യുന്നതു വിദ്യാർഥികൾക്ക് അധിക ഭാരം സൃഷ്ടിക്കുന്നു.
കോവിഡിനെ തുടർന്നു നഷ്ടപ്പെട്ട ക്ലാസുകൾ ലഭിക്കുന്നതിനും പരീക്ഷ നടക്കുന്നതിനാലും നിശ്ചിത ക്ലാസുകളിലെ വിദ്യാർഥികൾ എല്ലാവരും ഇപ്പോൾ കോളജുകളിലും സ്കൂളുകളിലും എത്തുന്നുണ്ട്. പല സ്കൂളുകളിലും വിദ്യാർഥികൾക്കുള്ള തിരച്ചറിയൽ കാർഡ് നൽകാത്തതും യാത്രാ ആനുകൂല്യത്തിനു വെല്ലുവിളിയാകുന്നു.
മുൻ വർഷത്തെ ഐഡന്റിറ്റി കാർഡിലെ വർഷവും ക്ലാസും മാറ്റം വന്നതിനാലും സ്കൂളുകൾ ഒൗദ്യോഗികമായി തുറന്നിട്ടില്ലെന്നതും കാരണം പറഞ്ഞു ചില ബസുകളിലെ കണ്ടക്ടർമാർ ആനുകൂല്യം നിഷേധിക്കുന്നതായാണു പരാതി.
ഒരു വിഭാഗം പ്രൈവറ്റ് ബസുകൾ വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം കൊടുക്കുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നും നഗരത്തിലെ വിവിധ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികൾ എത്തുന്നുണ്ട്.
മറ്റു ജില്ലകളിൽനിന്നും ദിനംപ്രതി ഇവിടേക്ക് വിദ്യാർഥികൾ എത്തുന്നു. കൂടുതൽ ദൂരം പിന്നിട്ടു ക്ലാസിലെത്താൻ മുഴുവൻ ടിക്കറ്റും കൊടുക്കേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി വിദ്യാർഥികൾ പറയുന്നു.
കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്കു മാത്രമായി പ്രത്യേക ബസുകൾ ബോണ്ട് സർവീസ് മാതൃകയിൽ ഏർപ്പെടുത്തുവാൻ തീരുമായത് ആശ്വാസത്തോടെയാണു വിദ്യാർഥികൾ കാണുന്നത്. ഈ ദിവസങ്ങളിൽ കെഎസ്ആർടിസിയിൽ മുഴുവൻ ടിക്കറ്റ് ചാർജും നൽകിയാണ് വിദ്യാർഥികൾ യാത്ര ചെയ്തിരുന്നത്.