ഇരിങ്ങാലക്കുട: ടൗണിലെ സ്കൂളുകളിലും കോളജുകളിലും പഠിക്കാനെത്തുന്നവരോടു സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറുന്നതായി പരാതി.
ഇതു സംബന്ധിച്ച് ഒട്ടോറെ പരാതികളാണു വിദ്യാർഥികളിൽ നിന്നും ഉയർന്നിരിക്കുന്നത്. സഹപാഠിയുടെ മരണത്തിൽ വിദ്യാർഥിനികൾ പ്രതിഷേധിച്ചതോടെയാണു വിദ്യാർഥിനികളോടു പ്രതികാരവുമായി ബസ് ജീവനക്കാർ രംഗത്തുള്ളത്.
പ്രതിഷേധിക്കാനിറങ്ങിയവർ ബസിൽ കയറേണ്ടെന്നു പറഞ്ഞായിരുന്നു തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറുടെ ശകാരം.
സ്റ്റോപ്പുകളിൽ വിദ്യാർഥികളെ കണ്ടാൽ നിർത്താതെ പോകുന്നതായും നിർത്തിയാൽ തന്നെ വിദ്യാർഥികളെ മാറ്റിനിർത്തി മറ്റു യാത്രക്കാരെ മാത്രം കയറ്റുന്നതും ഇപ്പോൾ സാധാരണ കാഴ്ചയായി മാറി.
സീറ്റുകൾ ഒഴിവുണ്ടെങ്കിലും നിൽക്കണം, കൃത്യമായി ചില്ലറ തരണം അല്ലെങ്കിൽ ബാക്കി പൈസ തരില്ല, ബാക്കി ചോദിച്ചാൽ അസഭ്യ വർഷവും ഭീഷണിയുമാണ്.
കോളജിന്റെ ഐഡന്റിറ്റി കാർഡ് കാണിച്ചാൽ കണ്സഷൻ പലപ്പോഴും അനുവദിക്കാറില്ല. ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾക്കു ബസിൽ കയറുന്നതിനായി ക്യൂ നിൽക്കേണ്ട അവസ്ഥ ഡ്യൂട്ടിയിലുള്ള പോലീസ് നോക്കിനിൽക്കെയാണ് എന്നുള്ളതാണു വസ്തുത.
പഠിക്കാൻ പോകുന്നതാണോ തങ്ങൾ ചെയ്യുന്ന കുറ്റം എന്നാണ് ഒരോ വിദ്യാർഥിയുടെയും ഉള്ളിൽ പുകയുന്ന അമർഷം. വിദ്യാർഥികൾ ഇറങ്ങേണ്ട സ്റ്റോപ്പുകളിൽ ബസ് നിർത്താതെ പോവുകയുമാണു മറ്റൊരു ശൈലി.
നഗരത്തിലെ പ്രധാന സ്റ്റാൻഡിലും ബസ് സ്റ്റോപ്പുകളിലും വിദ്യാർഥികളെ വാഹനത്തിൽ കയറ്റാതെ ബുദ്ധിമുട്ടിക്കുകയാണു ജീവനക്കാർ.
ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ സമയം ക്രമീകരിക്കുന്നതിനായി ആർഡിഒക്കു കത്തു നൽകി. ബസ് സ്റ്റോപ്പുകളിൽ നിന്നും വിദ്യാർഥികളെ കയറ്റുന്നതിനെ സംബന്ധിച്ചു പരിശോധിക്കുവാൻ രാവിലെയും വൈകീട്ടും പട്രോളിം ആരംഭിച്ചിട്ടുണ്ട്.
സ് സ്റ്റാൻഡിൽ കൂടുതൽ പോലീസുക്കാരെ നിയോഗിച്ചീട്ടുണ്ട്. വിദ്യാർഥിനിയുമായി ബൈക്കിൽ പോയ പിതാവിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിക്കൽ, അപകടം വരുത്തൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
പി. സുധീരൻ (സർക്കിൾ ഇൻസ്പെക്ടർ പോലീസ്)