സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും നാളെ മുതൽ ഷെഡിലേക്ക്. കടുത്ത സാന്പത്തിക പ്രതിസന്ധി മൂലം ബസുകൾ സർവീസ് അവസാനിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന ബസുടമകളുടെ യോഗം തീരുമാനിച്ചിരുന്നു.
നാളെ മുതൽ നിർത്തിവെക്കുന്ന സർവീസുകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യം ഉടമകൾ വ്യക്തമാക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്തൊന്നും സർവീസ് പുനരാരംഭിക്കാനാകില്ലെന്നും ഓണക്കാലമാകുന്പോഴേക്കും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും ഉടമകൾ പറഞ്ഞു.
സർവീസുകൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് ജി ഫോം സമർപ്പിക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നുവെങ്കിലും ഓണ്ലൈൻ വഴി ഇന്നും സമർപിക്കാമെന്നാണ് പറയുന്നത്.
ജി ഫോം നൽകിയാൽ രണ്ടുമാസം മുതൽ ഒരുവർഷം വരെ സർവീസ് നടത്താതിരിക്കാൻ കഴിയും. എപ്പോൾ വേണമെങ്കിലും സർവീസ് നടത്താനും അനുവാദമുണ്ട്. അതുകൊണ്ടുതന്നെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ ബസുകൾ സർവീസ് നടത്തുമെന്നാണ് ഉടമകളുടെ നിലപാട്.
നികുതി ഒഴിവാക്കുന്നതിന് പകരം അടയ്ക്കുന്നത് നീട്ടിത്തന്നതുകൊണ്ടു കാര്യമില്ലെന്നും വരുമാനമില്ലാത്ത തങ്ങൾ എങ്ങിനെ നികുതിയടക്കുമെന്നും ഉടമകൾ ചോദിക്കുന്നു.
സംസ്ഥാനത്തെന്പാടും ഓരോ ജില്ലയിലും ആകെയുള്ള ബസുകളുടെ അഞ്ചു ശതമാനം പോലും സർവീസ് നടത്തുന്നില്ലെന്നും വരും ദിവസങ്ങളിൽ ഇത് ഇനിയും കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബസ് ചാർജ് വർധനവുകൊണ്ടു മാത്രം സ്വകാര്യ ബസ് സർവീസുകളെ സംരക്ഷിക്കാനാകില്ലെന്ന് സംസ്ഥാനത്ത് തെളിഞ്ഞതായി ഉടമകൾ പറയുന്നു. കോവിഡിനു മുന്പേതന്നെ പ്രതിസന്ധിയിലായിരുന്ന വ്യവസായം കോവിഡും ലോക്ക് ഡൗണും വന്നതോടെ പൂർണ തകർച്ചയിലായി.
മെയ് 19 മുതൽ കർശന നിയന്ത്രണങ്ങളോടെ ബസ് സർവീസ് പുനരാരംഭിച്ചെങ്കിലും 20 ശതമാനം ബസുകൾ പോലും സർവീസ് നടത്തിയില്ല. ജൂലൈ മൂന്നു മുതൽ ബസ് ചാർജ് വർധനവ് സർക്കാർ നടപ്പാക്കിയിട്ടും കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയില്ല.
കോവിഡ് ഭീതിയിലുള്ള ജനങ്ങൾ പൊതുഗതാഗതസംവിധാനം ഉപയോഗിക്കാൻ മടിക്കുന്നതിനാൽ യാത്രക്കാർ നന്നേ കുറവാണ്. നാലും അഞ്ചും യാത്രക്കാരെവച്ച് ബസ് സർവീസ് നടത്താനാകില്ലെന്ന നിലപാടാണ് ഉടമകൾക്ക്.
ഇതിനു പുറമെ ഇന്ധനവില വർധനവ് ബസ് വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത വിധമാക്കി. ഇപ്പോൾ ബസുകൾ നിർത്തിയിടാനുള്ള തീരുമാനം സമരമോ സർക്കാരിനെതിരേയുള്ള വെല്ലുവിളിയോ അല്ലെന്നും നിവൃത്തികേടുകൊണ്ട് മാത്രമാണെന്നും ബസ് നിരത്തിലിറക്കരുതെന്ന്
ആരോടും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ സർവീസ് നടത്താൻ താത്പര്യമുള്ളവർ സർവീസ് നടത്തുമെന്നതിനാൽ പൊതുജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഉടമകൾ പറഞ്ഞു.