സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബസ് സര്‍വീസുകൾ കടുത്ത പ്രതിസന്ധിയിൽ. ഇന്ധന ചെലവും തൊഴിലാളികളുടെ കൂലിയും കൈയിൽ നിന്നു ചെലവഴിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഈ സ്ഥിതി തുടരനാവില്ലന്നാണ് ബസ് ഉടമകൾ പറയുന്നത്.
നിലവിലെ സാഹചര്യത്തിൽ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതില്‍ നിന്ന് ഉടമകളെ വിലക്കില്ലെന്ന് ബസ് ഉടമകളുടെ അസോസിയേഷന് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യം തത്കാലം ഉന്നയിക്കുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. പക്ഷേ സര്‍വീസ് നടത്താനാകില്ല.
ഇക്കാര്യത്തില്‍ അതാത് ബസ് ഉടമകള്‍ക്ക് തീരുമാനിക്കാം. സീറ്റില്‍ മാത്രം യാത്രക്കാരെന്ന നിയന്ത്രണം മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കിയതോടെ ഫോറം ജി സമര്‍പ്പിച്ച് നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.
ഫോറം ജി നിബന്ധനയില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്ന ബസുകള്‍ക്ക് നികുതി, ഇൻഷ്വറന്‍സ് തുടങ്ങിയവ അടയ്ക്കേണ്ടതില്ലെന്ന സൗകര്യമാണ് ഉടമകള്‍ ഇത്തരം നിലപാടിലെത്താന്‍ കാരണം.
27,28,29 ദിവസങ്ങളിൽ കൂടുതൽ ഉടമകൾ ഫോറം ജി സമർപ്പിക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി തുളസി ദാസ് രാഷ്ട്ര ദീപികയോട് പറഞ്ഞു.1260 ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ജില്ലയില്‍ ആദ്യഘട്ട കോവിഡിനുശേഷം 450ല്‍ താഴെ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
ലോക്ക്ഡൗണ്‍ കാലത്ത് സര്‍വീസ് നിര്‍ത്തിയ 400 ഓളം ബസുകള്‍ ഇതുവരെ ഓടിയിട്ടില്ല. വര്‍ഷം നീണ്ട പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബസ് ഉടമകള്‍ വെട്ടിലായത്. സര്‍വീസുകള്‍ വെട്ടികുറച്ച് രാവിലെയും വൈകുന്നേരവുമായി ചുരുക്കി. ഇപ്പോള്‍ വൈകുന്നേരം മാത്രം സര്‍വീസുകള്‍ നടത്തുന്ന സ്ഥിതിയാണ്.
ഒരു വര്‍ഷത്തിനുള്ളിൽ ഡീസല്‍ വിലയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് ബസ് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ 66 രൂപയായിരുന്ന ഡീസല്‍ വില 86 രൂപയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സീറ്റില്‍ മാത്രം യാത്രക്കാരെന്ന വ്യവസ്ഥയില്‍ സര്‍വീസ് പ്രായോഗികമല്ലെന്നാണ് ഉടമകളുടെ നിലപാട്.
പരീക്ഷാ കാലമായതിനാല്‍ യാത്രക്കാരായി കൂടുതലും വിദ്യാര്‍ഥികളാണ്.കോളജുകളുടെയും സ്കൂളുകളുടെയും മുന്നില്‍ എത്തുമ്പോഴേക്കും സിറ്റിംഗ് കപ്പാസിറ്റി നിറയും. സാമൂഹ്യ അകലം പാലിച്ച് കുറച്ചു പേരെ നിറുത്തി കൊണ്ടുപോകാന്‍ കളക്ടറുടെ അനുവാദം ഉണ്ടെങ്കിലും വിട്ടുവിഴ്ചയില്ലാത്ത സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.
ഇതുമൂലം ഡീസിലിനുവേണ്ട തുകപോലും പല ദിവസങ്ങളിലും ലഭിക്കുന്നില്ലെന്നാണ് പരാതി. ജില്ലയില്‍ കൂടുതല്‍ സര്‍വീസ് നടക്കുന്ന കുറ്റ്യാടി, കോഴിക്കോട്, ബാലുശേരി, കോഴിക്കോട് റൂട്ടുകളില്‍ 45 ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
യാത്രക്കാര്‍ കുറയുന്നതിനാല്‍ പലപ്പോഴും ട്രിപ്പ് മുടങ്ങുകയാണ്. നഗരത്തില്‍ 200 ബസുകളുടെ സ്ഥാനത്ത് 140 എണ്ണമായി ചുരുങ്ങി.