മുക്കം: സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ സ്വകാര്യ ബസ് വ്യവസായം വൻ പ്രതിസന്ധിയിൽ. ഇതോടെ കോവിഡ് കാലത്ത് സർവീസ് നഷ്ടം പെരുകാതിരിക്കാൻ കേരളത്തിലെ ബഹുഭൂരിപക്ഷം ബസുകളും ഫോം-ജി നൽകി ഓട്ടം നിർത്തി.
സംസ്ഥാനത്ത് മൊത്തമുള്ള 12,500 സ്വകാര്യ ബസുകളിൽ 10,500 എണ്ണവും സർവീസ് നിർത്തിവെച്ചിരിക്കുകയാണ് .ഇതിന്റെ ഭാഗമായാണ് സർവീസ് നിർത്തിവച്ചതായി കാണിച്ച് ആർടിഒ ഓഫീസിൽ ബസുടമകൾ ഫോം-ജി സമർപ്പിച്ചത്. ഇത് സമർപ്പിച്ചാൽ പീന്നീട് സർവീസ് ആരംഭിക്കുന്ന കാലം വരെയുള്ള റോഡ്-വാഹന നികുതി നൽകേണ്ടതില്ല.
48 സീറ്റുള്ള ബസിന് മൂന്നു മാസത്തിലൊരിക്കൽ 29,990 രൂപയാണ് നികുതി. ഇതോടൊപ്പം തൊഴിലാളി ക്ഷേമനിധിയിലേക്ക് ഒരാൾക്ക് 4,000 വീതവും അടയ്ക്കണം. വാഹനം ഓടാതെ കയറ്റിയിട്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ആർടിഒ ഓഫീസിൽനിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇൻഷുറൻസിനും ഇളവ് കിട്ടും.
കോവിഡ് കാലത്തുണ്ടാകുന്ന ഭീമമായ നഷ്ടത്തിൽ നിന്ന് തെല്ല് ആശ്വാസം തേടിയാണ് ബസുടമകൾ ഫോം ജി-യെ ആശ്രയിക്കുന്നത്.സ്ഥരിമായി നിർത്തിയിട്ടാൽ ബസുകളുടെ യന്ത്രവും ടയറുകളും കേടാകും. അതേസമയം ഓടിയാൽ അതിലും വലിയ നഷ്ടം ഉണ്ടാകും.
കോവിഡ് മാനദണ്ഡപ്രകാരം സീറ്റുകളുടെ എണ്ണത്തിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. എട്ട് യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നങ്കിലും ഇപ്പോൾ അതിനും അനുവാദമില്ല.ഇതോടെ സീറ്റിലിരിക്കുന്ന ഒരാൾ ഇറങ്ങിക്കഴിഞ്ഞാൽ ആ സീറ്റും കാലിയായി സർവീസ് നടത്തേണ്ട അവസ്ഥയിലാണ്. ഇപ്പോൾ ഡീസൽവില ലിറ്ററിന് നൂറോടടുക്കുകയും ചെയ്തു.
സംസ്ഥാനത്ത് 1980-ൽ നിരത്തിലുണ്ടായിരുന്ന ബസുകൾ-30,000 മായിരുന്നങ്കിൽ 2017-ൽ അത്14,800 ആയി കുറഞ്ഞു. 2020 ജനുവരിയിൽ -14,000 ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് 2021 ജനുവരിയിൽ -3,800 ആയി കുറഞ്ഞു. 2020 ജനുവരിയിൽ പൂർണ ഇൻഷ്വറൻസുണ്ടായിരുന്ന ബസുകൾ-11,000 മായിരുന്നങ്കിൽ 2021 ജനുവരിയിൽ 180 ആയി കുറഞ്ഞതായും പറയപ്പെടുന്നു.
48 സീറ്റുള്ള ബസിന് തേഡ് പാർട്ടി ഇൻഷ്വറൻസ് തുക 68,000 രൂപയാണ്. 1980-ൽ ഒരു ബസിൽ ഒരു ദിവസത്തെ യാത്രക്കാർശരാശരി 1400 ആയിരുന്നങ്കിൽ2017-ൽ – അത് 900വും 2020 ജനുവരിയിൽ 650 ഉം ആയി കുറഞ്ഞു എന്നും ഈ മേഖലയിലെ സംഘടനകൾ പറയുന്നു. ു