കോട്ടയം: സാന്പത്തിക ബാധ്യതയിൽ നട്ടംതിരിഞ്ഞു സ്വകാര്യ മേഖല. കോവിഡ് വ്യാപനത്തോത് വർധിച്ചതോടെ സാന്പത്തിക നഷ്ടത്തിൽ കൂടുതൽ സ്വകാര്യബസുകൾ നിലയ്ക്കുന്നു. ജില്ലയിലെ ആയിരം സ്വകാര്യ ബസുകളിൽ 450 എണ്ണമാണ് നിലവിൽ ഓടിക്കുന്നത്.
കോട്ടയം നഗരമേഖലയിൽ ഓടുന്ന 575 ബസുകളിൽ ഇന്നലെ 270 ബസുകളേ നിരത്തിലിറങ്ങിയുള്ളു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കടകൾ തുറക്കുന്നതിലെ നിയന്ത്രണവും ശനി, ഞായർ ലോക്ഡൗണും കഴിഞ്ഞാൽ മൂന്നു ദിവസം മാത്രമാണ് മിനിമം നിരക്കിൽ കളക്ഷൻ ലഭിക്കുക.
ഡീസൽ വില വർധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും കാരണം സർവീസ് മുന്നോട്ടുപോകില്ലെന്ന സാഹചര്യമാണ്.15 പഞ്ചായത്തുകളിലും നിരവധി വാർഡുകളിലും വീണ്ടും ലോക്ഡൗണ്‍ വന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയിലെ സ്റ്റോപ്പുകളിൽ ബസ് നിർത്തി ആളെ കയറ്റാനും ഇറക്കാനും അനുവാദമില്ല.
വഴികൾ അടച്ചതോടെ റൂട്ട് മാറ്റി ഓടിയാൽ യാത്രക്കാരുണ്ടാവില്ല. പ്രതിസന്ധി രൂക്ഷമായാൽ അടുത്തമാസം പകുതി വരെ സർവീസ് നിർത്തിവയ്ക്കാനും ആലോചനയുണ്ട്.