മലപ്പുറം: കോവിഡ് പ്രതിസന്ധി ബസ് വ്യവസായ മേഖലയില്‍ തൊഴിലവസരങ്ങളെയും ബാധിക്കുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തയതോടെ നിരവധി തൊഴിലാളികളാണ് എന്തു ചെയ്യണമെന്നറിയാതെ അനിശ്ചിതത്വത്തിലായത്.
ഒറ്റപ്പെട്ട റൂട്ടുകളില്‍ മാത്രമാണ് സര്‍വീസ് നടക്കുന്നത്. ഇതോടെ തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. തൊഴിലില്ലാത്തവര്‍ നിര്‍മാണ മേഖലയിലേക്കും ചെറുകിട കച്ചവട മേഖലകളിലേക്കും തിരിഞ്ഞു. ലോക്ഡൗണുകള്‍ തുടര്‍ച്ചയായതോടെ മൊത്തം സ്വകാര്യ ബസുകളില്‍ കാല്‍ഭാഗം മാത്രമാണ് സര്‍വീസ് നടത്തുന്നത്.
ഒരു ബസ് മാത്രമുള്ള ബസുടമകള്‍ സ്വയം ജീവനക്കാരായി മാറി. കൂടുതല്‍ ബസുകളുള്ളവര് ഒന്നോ രണ്ടോ ബസുകള്‍ മാത്രമാണ് നിരത്തിലിറക്കുന്നത്.നിയന്ത്രണങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ സര്‍വീസിനു അനുമതിയുണ്ടെങ്കിലും പല സ്ഥലങ്ങളിലും കണ്ടെയ്ന്മെന്റ് സോണായതിനാല്‍ ആളില്ല.
ഇതു വരുമാനം കുറയാന്‍ കാരണമാകുന്നു. ഇതുമൂലം സര്‍വീസ് നടത്തുന്നതില്‍ നിന്ന് ഉടമകളെ പിന്തിരിപ്പിക്കുകയാണ്. രണ്ടു വര്‍ഷം മൂമ്പ് ലഭിച്ചിരുന്ന പ്രതിദിന വരുമാനത്തിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ വീടുകള്‍ക്കു പുറത്തിറങ്ങാത്തതും സര്‍ക്കാര്‍ ഓഫീസുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാത്തതും സ്കൂളുകള്‍ തുറക്കാത്തതും ബസുകളിലെ വരുമാനം ഇല്ലാതാക്കി.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതും ബസുകള്‍ക്ക് തിരിച്ചടിയായി. വരുമാനം കുറഞ്ഞതോടൊപ്പം ഇന്ധന വില ഉള്‍പ്പെടെയുള്ള ചെലവുകള്‍ വര്‍ധിച്ചത് ബസുടമകളെ സര്‍വീസ് നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്.
സര്‍വീസുകളുടെ എണ്ണം കുറഞ്ഞതോടെ പരമിതമായ തൊഴിലാളികളുമായാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഇപ്പോള്‍ ബസുകളിലുള്ളത്. നേരത്തെ റൈറ്റര്‍, കിളി തുടങ്ങിയ തൊഴിലാളികളുണ്ടായിന്നെങ്കിലും ഇപ്പോള്‍ അവരെല്ലാം വിശ്രമത്തിലാണ്.
പരിമിതമായ വരുമാനം കൊണ്ടു രണ്ടു പേര്‍ക്കു തന്നെ ശമ്പളം നല്കാനാകുന്നില്ലെന്ന പരാതിയാണ് ബസുടമകള്‍ക്കുള്ളത്. വരുമാനം കുറഞ്ഞതോടെ ജീവനക്കാര്‍ക്ക് ബത്തയും കുറഞ്ഞു. മിക്ക ബസുകളിലും ശമ്പളത്തിനു പകരം വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ബത്തയാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്.
ഇപ്പോഴുള്ള വരുമാനം കൊണ്ടു കുടുംബം പോറ്റാനാകില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ ഇപ്പോള്‍ മറ്റു ജോലികള്‍ക്കു പോവുകയാണ്. നിര്‍മാണ മേഖലയിലെ വിവിധ ജോലികള്‍,വീടുകള്‍ തോറുമുള്ള പച്ചക്കറി വില്‍പ്പന, പഴങ്ങളുടെ വില്‍പ്പന തുടങ്ങി വിവിധ മേഖലകളിലാണ് ഇവര്‍ തൊഴില്‍ തേടി പോകുന്നത്.