കോഴിക്കോട്: പ്രളയദുരിതത്തില്‍നിന്ന് കരകയറുന്ന ജനത്തെ വലച്ച് വീണ്ടും ബസുടമകള്‍ സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസുടമകള്‍ അറിയിച്ചു. അതേസമയം ഒറ്റയടിക്ക് ബസ് ചാര്‍ജ് വര്‍ധന എന്ന ആവശ്യം ഉന്നയിക്കാതെ നികുതി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നട ത്തും. തീരുമാനമായില്ലെങ്കില്‍ സമരരംഗത്തിറങ്ങാനാണ് തീരുമാനം. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവും ബസുടമകള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടില്ല.സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കുകയാണ്.
ഇതിനു മുന്‍പ് നികുതി അടയ്ക്കാന്‍ പല ബസുടമകള്‍ക്കും കഴിയാത്ത അവസ്ഥയാണുള്ളത്. ഈ ഒരു സാഹചര്യത്തില്‍കൂടിയാണ് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനുള്ളതീരുമാനം. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവും വിധത്തില്‍ സംഭാവന ചെയ്ത കാര്യവും ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. കോഴിക്കോട് ജില്ലയില്‍നിന്ന് മാത്രം 42 ലക്ഷം രൂപയോളം ബസുടമകളും ജീവനക്കാരും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.
ഈ ഒരു സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനൂകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസുടമകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കുന്നത്. 30-നകം തീരുമാനമായില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന സമ്മര്‍ദതന്ത്രവും ഇവര്‍ പറയുന്നു. തൊട്ടുമുന്‍പ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 64 രൂപയില്‍നിന്ന് ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 79-ല്‍ എത്തി. വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനില്‍ക്കാനാകില്ല.
ഈ സാഹചര്യത്തിലാണ് പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. മിനിമം ചാര്‍ജ് ദൂരപരിധി അഞ്ചു കിലോമീറ്ററില്‍ നിന്ന് പകുതിയായി കുറയ്ക്കണമെന്ന മറ്റൊരു പ്രധാന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു.പ്രളയക്കെടുതിയും ഇന്ധനവിലവര്‍ധനവും ചേര്‍ന്ന് പൊതുജനങ്ങള്‍ വലഞ്ഞു നില്‍ക്കെ ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യം കൂടി മുന്നിലെത്തുന്നതോടെ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകമാണ്.
എന്നാല്‍ ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയാല്‍ പൊതുജന വികാരം തങ്ങള്‍ക്കെതിരാകുമെന്ന തിരിച്ചറിവാണ് നികുതിയില്‍ ഇളവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനിറങ്ങാനുള്ള തീരുമാനത്തിന് പിന്നി ല്‍. 24-ന് ബസുടമകള്‍ യോഗം ചേരും. തുടര്‍ന്നായിരിക്കും മുഖ്യമന്ത്രിയെ കാണുക. പ്രധാനമായും ബസ് സര്‍വീസിലെ കൊള്ളയായ ഫയര്‍ സ്റ്റേജ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് സമരരംഗത്തേക്കിറങ്ങാന്‍ ബസുടമകള്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍ പ്രകാരം 70 പൈസയാണ് ഓര്‍ഡിനറി നിരക്ക്. ഇതുപ്രകാരം 12 കിലോമീറ്ററോളം യാത്രചെയ്യാം. ഇത് അഞ്ച് കിലോമീറ്റില്‍ പകുതിയാക്കി കുറയ്ക്കണമെന്ന ആവശ്യം യാതൊരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം
ഡീസല്‍വിലയില്‍ സബ്സിഡി ഉള്പ്പെടെപ്പെടെയുള്ള ആവശ്യങ്ങള്‍ അഗഗീകരിച്ചില്ലെങ്കില് സമരത്തിനിറങ്ങേണ്ടിവരുമെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന് പ്രസിഡന്റ് എ.അബ്ദുള്‍ നാസര്‍ അറിയിച്ചു. കയ്യില്‍ നിന്നും കാശുമുടക്കിയാണ് ഇപ്പോള്‍ ബസുകള്‍ നിരത്തിലിറക്കുന്നത്.
ഈ ഒരു അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ല. ബസുടമകളുടെ പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൗനത്തിലാണ്. സമരം നടത്തിയാലേ രക്ഷയുള്ളൂവെന്ന രീതിയിലാണ് കാര്യങ്ങളെന്നും ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം അനുകൂല തീരുമാനമായില്ലെങ്കില്‍ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അബ്ദുള്‍ നാസര്‍ പറഞ്ഞു.