കോഴിക്കോട്: നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകളെ തളയ്ക്കാന്‍ സിഐഡികള്‍. അപകടകരമാം വിധത്തില്‍ അമിതവേഗതയില്‍ പോവുന്ന ബസുകളേയും നടുറോഡില്‍ മറ്റുള്ള വാഹനയാത്രക്കാരെ ഡോറില്‍ ശക്തിയില്‍ അടിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നവരെ കണ്ടെത്താനാണ് മഫ്തിയില്‍ പോലീസിനെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചത്. പലയിടത്തും സമാനമായ രീതിയില്‍ റോഡ് കയ്യേറിയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
പോലീസ് സാന്നിധ്യമുള്ളിടത്ത് മാത്രം വേഗതകുറച്ചും മാന്യവുമായി സര്‍വീസ് നടത്തുന്ന വിരുതരുമുണ്ട്. ഇത്തരക്കാരെ കണ്ടെത്താനാണ് മഫ്തിയില്‍ പോലീസിനെ വിന്യസിപ്പിക്കുന്നത്. മഫ്തി പോലീസ് ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് ദിവസം തന്നെ ട്രാഫിക് പോലീസും അതത് സ്ഥലത്തെ ലോക്കല്‍പോലീസും വിലയിരുത്തി ബസ് ഡ്രൈവര്‍ക്കും കുറ്റക്കാരായ മറ്റു ജീവനക്കാര്‍ക്കുമെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിയമംലംഘിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ക്കായി മോട്ടോര്‍ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്യും. കഴിഞ്ഞ മാസം സൈഡ് തന്നില്ലെന്നാരോപിച്ച് ബസ് ഡ്രൈവര്‍ ദമ്പതികളോട് അശ്ലീല ആംഗ്യം കാണിച്ച് മോശമായി പെരുമാറിയിരുന്നു.
മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന മായനാട് സ്വദേശികളായ ദമ്പതിമാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറും ബസ് ഉടമസ്ഥരുടെ സംഘടനാഭാരവാഹിയുടെ ബസിലെ ഡ്രൈവറുമായ ഓമശ്ശേരി പൂവ്വംപറമലയില് എന്‍.കെ. സുബൈറിനെ(38) സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസിനെതിരേ പിന്നീട് കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചെന്ന ആരോപണമായിരുന്നു ഉന്നയിച്ചത്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതുള്പ്പെടെയുള്ള ഐപിസി 509ാം ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസിനെതിരേ സ്വകാര്യ ബസുകാരില്‍ ചിലര്‍ രംഗത്തെത്തുകയും ബസ് സമരം നടത്തുകയും ചെയ്തിരുന്നു. വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമായിരുന്നു കേസിലുണ്ടായിരുന്നത്.
നിയമനടപടി സ്വീകരിച്ച പോലീസുകാരെ സസ്പന്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം ബസ് ഡ്രൈവര്‍ക്കെതിരേ യഥാസമയം കേസെടുത്തില്ലെന്ന് കാണിച്ച് നടപടിയെടുത്ത പോലീസുകാരെ സ്ഥലംമാറ്റികൊണ്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇനി മുതല്‍ സ്വകാര്യ ബസുകളിലെ നിയമലംഘനം സംബന്ധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചത്.
സ്വകാര്യ ബസുകളെ കൂടാതെ കെഎസ്ആര്‍ടിസി ബസുകളുടെയും ഗതാഗത നിയമലംഘനം മഫ്തി പോലീസ് നിരീക്ഷിക്കും. ട്രാഫിക് സിഗ്നലുള്ള ജങ്ഷനുകളില്‍ ബസുകള്‍ ഗുരുതരമായ നിയമലംഘനം പതിവാക്കുന്നവരേയും പോലീസ് നിയമത്തിന് മുന്നിലെത്തിക്കും.