കൊച്ചി: വര്‍ധിപ്പിച്ച ബസ് ചാര്‍ജ് വെട്ടിക്കുറച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നഗരത്തിലെ നിരത്തില്‍ സ്വകാര്യ ബസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഇന്നലെയാണ് ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ഇക്കാലയളവില്‍ വര്‍ധിപ്പിച്ച നിരക്കില്‍ സര്‍വീസ് നടത്താമെന്നും സിംഗിള്‍ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇന്നും നഗരത്തില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ നന്നേ കുറവായിരുന്നു. 700 ബസുകള്‍ സര്‍വീസ് നടത്തുന്ന കൊച്ചി നഗരത്തില്‍ 30 ശതമാനത്തോളം മാത്രമാണ് നിരത്തിലിറങ്ങിയത്.
കോടതി ഉത്തരവുണ്ടെങ്കിലും സര്‍ക്കാര്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കാത്തതിനാല്‍ സര്‍വീസ് നടത്താന്‍ ഉടമകളില്‍ പലരും ധൈര്യപ്പെടുന്നില്ലെന്ന് ഓള് കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു.