തൃശൂർ: ദീപിക ഓഫീസ് കോന്പൗണ്ടിലേക്ക് സ്വകാര്യ ബസ് കയറി വരുന്നത് കണ്ട് ജീവനക്കാർ അന്പരന്നു. കോന്പൗണ്ടിലേക്ക് ഇരച്ചുകയറി നിർത്തിയ ബസിനുള്ളിലെ യാത്രക്കാരും എവിടെയെത്തി എന്നറിയാതെ അന്പരന്നു.
തൃശൂർ നഗരത്തിലെയും സമീപപ്രദേശത്തേയും ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ചെറുവഴിക്ക് വെച്ചുപിടിച്ച സ്വകാര്യ ബസാണ് ചെറിയ വഴിയുടെ അറ്റത്തെത്തിയപ്പോൾ അങ്ങോട്ടുമിങ്ങോട്ടും പോകാൻ കഴിയാതെ ഗത്യന്തരമില്ലാതെ വെളിയന്നൂരിലുള്ള ദീപിക-രാഷ്ട്രദീപിക ഓഫീസ് കോന്പൗണ്ടിനുള്ളിലേക്ക് കയറ്റിയത്.
അന്തിക്കാട്-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ചെറുവഴി പിടിച്ച് പിന്നീട് അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ പെട്ടുപോയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ബസ് റിവേഴ്സടിച്ച് ചെറിയ വഴിക്കു തന്നെ പുറത്തേക്ക് പോയി.