വൈക്കം: സ്വകാര്യ ബസിന്റെ പിന്നിലെ തുറന്നു കിടന്ന ഡോർ അടിച്ച് മാതാവിനൊപ്പം നടന്നു പോയ 10 വയസുകാരിക്ക് പരിക്കേറ്റു. പരിക്കേറ്റ വൈക്കം വൈപ്പിൻ പടി സ്വദേശിയായ പ്രാർഥന(10)യെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴിനു വൈക്കം വലിയ കവലയ്ക്ക് സമീപം വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലായിരുന്നു അപകടം.
മാതാവുമൊത്ത് നടന്നു വരുന്നതിനിടയിൽ വൈക്കത്തുനിന്നു കോട്ടയത്തിനു പോയ സ്വകാര്യ ബസിന്റെ തുറന്നു കിടന്ന ഡോറാണ് കുട്ടിയുടെ ദേഹത്ത് അടിച്ചു കൊണ്ടത്. ബസിന്റ പിന്നിലെ ഡോറിൽ ഡോർ ചെക്കറില്ലാതിരുന്നതാണ് അപകടത്തിനു കാരണമെന്നും പല സ്വകാര്യ ബസിനും പിറകിൽ ഡോർ ചെക്കറില്ലാത്ത സ്ഥിതിയാണെന്നും പോലീസ് പറഞ്ഞു.