തുറവൂർ: ഡോർ തുറന്ന് കെട്ടിവെച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. വാഹന പരിശോധനയ്ക്കിടയിൽ ഇത്തരം ബസുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴയടപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് അരൂർ പള്ളി ബസ് സ്റ്റോപ്പിൽ ആയിരുന്നു പരിശോധനയുടെ തുടക്കം. നിലവിൽ ഹൈക്കോടതി വിധിയേ തുടർന്ന് ബസുകളിൽ ഇരു വാതിലുകളിലും ഡോർ നിർബന്ധമാക്കിട്ടുള്ളതാണ് രാവിലെ ആറു മുതൽ സ്വകാര്യ ബസ് സർവ്വീസ് നിർത്തുന്നതു വരെ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ദേശീയപാതയിലും പ്രധാന റോഡുകളിലുമാണ് പരിശോധന നടത്തുന്നത്. പലപ്പോഴും രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരെ കുത്തി നിറച്ചാണ് സ്വകാര്യബസുകൾ പാഞ്ഞ് പോകുന്നത്. അതിവേഗതയിൽ വളവു തിരിയുന്പോൾ യാത്രക്കാർ ബസിൽ നിന്നും തെറിച്ചുവീഴുന്ന സംഭവം ഉണ്ടായിട്ടുണ്ട്.
പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും ബസ് ഉടമകൾ ഡോർ പിടിപ്പിക്കാതെയും ഉള്ള ഡോർ തുറന്നു കെട്ടി വെച്ച് സർവീസ് നടത്തുന്നത് പതിവാണ്. ഇത്തരക്കാർക്കെതിരെയാണ് കർശന നിയമവുമായി പരിശോധന നടത്തി പിഴ ഈടാക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സമെൻറ് ഉദ്യോഗസ്ഥർ പറഞ്ഞു.