ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: വാതിലടയ്ക്കാതെയും വാതിൽപ്പടിയിൽ യാത്രക്കാരെ നിർത്തിയും സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിൽ. വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന രാവിലെയും വൈകുന്നേരവുമാണ് വാതിലടയ്ക്കാതെ സ്വകാര്യ ബസുകൾ ചീറിപ്പായുന്നത്.
പോലീസുകാരെ കാണുന്പോൾ മാത്രമെങ്കിലും വാതിലുകൾ അടച്ചിരുന്ന സ്വകാര്യ ബസുകാർ ഇപ്പോൾ അവർക്കു മുന്നിലൂടെ നിയമംലംഘിച്ച് സർവീസ് നടത്തുകയാണ്.
ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പോലീസുകാരുള്ള തൃശൂർ ടൗണിൽപോലും വാതിലടയ്ക്കാതെയാണ് ബസുകളുടെ പാച്ചിൽ.
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് കഴിഞ്ഞമാസം മതിലകം സ്വദേശിയായ 23കാരിക്കു പരിക്കേറ്റിരുന്നു.
ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബസിന്റെ അമിതവേഗവും ഡോറടയ്ക്കാത്തതുമാണ് അപകടത്തിനിടയാക്കിയത്.
2018 ഡിസംബറിൽ ഹൈക്കോടതി നിർദേശപ്രകാരം ബസുകൾക്ക് വാതിലുകൾ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
തുടക്കത്തിൽ കർശനമായി നടപ്പാക്കിയിരുന്ന നിയമം ഇപ്പോൾ കണ്ണടച്ചു വിടുകയാണ്. ഒട്ടുമിക്ക ബസുകളിലും ഡൈവർ നിയന്ത്രിത ഡോറുകൾ വച്ചിട്ടുണ്ടെങ്കിലും മത്സരപ്പാച്ചിലിനിടെ വാതിലടയ്ക്കാൻ ഡൈ്രവർമാർ വിമുഖത കാട്ടുകയാണ്.
വാതിലടയ്ക്കാതെയുള്ള അപകടങ്ങൾ കൂടി
ചില ജംഗ്ഷനുകളിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാർ ബസുകാരോട് വാതിലടയ്ക്കാൻ നിർദേശിക്കുന്നുണ്ട്. എന്നാൽ അവർക്കുമുന്പിൽവച്ച് വാതിലടച്ച് മുന്നോട്ടു പോയാൽ വീണ്ടും തുറന്നിടുകയാണ്.
ഒട്ടുമിക്ക ബസുകളിലും ക്ലീനർമാർ ഇല്ലാത്തതിനാൽ വാതിൽ അടയ്ക്കാനും ആളില്ലാത്ത സാഹചര്യമാണ്.സ്കൂളിലേക്കു പോകുന്ന ചെറിയ കുട്ടികളടക്കമുള്ളവർ അപകടകരമായ അവസ്ഥയിൽ ബസിന്റെ വാതിൽക്കലും സമീപത്തും നിന്ന് യാത്രചെയ്യുന്നത് സ്ഥിരം കാഴ്ചയായി.
ബസിന്റെ വാതിലിലൂടെ റോഡിലേക്കു യാത്രക്കാർ വീണുണ്ടാകുന്ന അപകടങ്ങൾക്ക് കഴിഞ്ഞ പത്തു വർഷത്തിനിടെ അഞ്ചു ശതമാനം വർധനവുണ്ടായെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
നിലവിൽ എല്ലാ സ്വകാര്യ ബസുകളിലും ഡ്രൈവർ നിയന്ത്രിത വാതിലുകളുണ്ട്. ബസ് ബോഡി കോഡ് പ്രകാരം പുറത്തിറങ്ങുന്ന ബസുകളിൽ നിർമാതാക്കൾ ഇത്തരം വാതിലുകളാണ് ഘടിപ്പിക്കുന്നത്.
എന്നാൽ അത് പ്രവർത്തിപ്പിക്കാത്തതാണ് ബസിൽനിന്നു തെറിച്ചു വീണുള്ള അപകടങ്ങൾക്കിടയാക്കുന്നത്.യാത്രക്കാർ ഇറങ്ങിയെന്ന് ഉറപ്പാക്കാതെ ഡ്രൈവർമാർ ബസ് മുന്നോട്ടെടുക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഡൈ്രവർ നിയന്ത്രിത വാതിലുകൾ ഘടിപ്പിക്കാൻ നിർദേശം നല്കിയത്.
തുടക്കത്തിൽ വാതിലുകൾ അടച്ചുള്ള യാത്രയ്ക്കെതിരെ ബസുകാർ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് നടപ്പാക്കിയിരുന്നു.
വാതിലടച്ചില്ലെങ്കിൽ പിഴ ഇൗടാക്കും: പോലീസ്
തൃശൂർ: വാതിലുകളടയ്ക്കാതെ സർവീസ് നടത്തിയാൽ അടുത്ത ദിവസം മുതൽ ബസുകാരിൽനിന്ന് പിഴ ഇൗടാക്കുമെന്ന് പോലീസ് മുന്നറിയിപ്പു നല്കി.
ഇന്ന് വാതിലടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസുകാർക്കു നിർദേശം നല്കി വിട്ടയയ്ക്കുകയായിരുന്നു. ബസുകളുടെ അമിതവേഗവും പോ ലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.