തിരുവനന്തപുരം :ഒരു കൈയ്യില്‍ മൊബൈലും മറുകൈയ്യില്‍ സ്റ്റിയറിംഗും, നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയാണെങ്കിലോ ? ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ വളയവും പിടിച്ചുകൊണ്ടുള്ള സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം വൈറലാവുകയാണ്. കണ്ണൂരില്‍ ബസില്‍ നിന്നിറങ്ങിയവരെ മറ്റൊരു ബസിടിച്ച് അഞ്ചുപേര്‍ മരിച്ചതിനു പിന്നാലെ എത്തിയിരിക്കുന്ന ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുകയാണ്.
തിരുവനന്തപുരം നഗരത്തില്‍ കൂടി ബസില്‍ സഞ്ചരിക്കവേ ജയകൃഷ്ണന് എന്നയാള്‍ പകര്‍ത്തിയതാണ് ഡ്രൈവറുടെ ഈ ‘സര്‍ക്കസ്’. ഒരു വയസ്സു മുതല്‍ 75 വയസ്സുവരെ പ്രായമുള്ള ആള്‍ക്കാരെ കുത്തിനിറച്ചു കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോകുന്ന കാശിനാഥന് എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവന് കറക്കിക്കളിച്ചത്. ഇയാള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയുടെ അഭിഷേകമാണ് നടക്കുന്നത്.