‘മല്ലപ്പള്ളി: വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിന് പോലീസും മോട്ടോര്‍ വാഹനവകുപ്പും നിരന്തരം ഇടപെടലുകള്‍ നടത്തുമ്പോഴും സ്കൂളുകള്‍ക്കു മുമ്പില്‍ സ്വകാര്യബസുകള്‍ക്ക് ഇപ്പോഴും ഡബിൾ ബെല്ലെന്നു പരാതി. മല്ലപ്പള്ളിയിലും പരിസരങ്ങളിലുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ രാവിലെയും വൈകുന്നേരവും യാത്രയ്ക്കായി ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പല റൂട്ടുകളിലും വിദ്യാര്‍ഥികളെ ബസ് വിടുന്നതിന് മിനിട്ടുകള്ക്കു മുമ്പു മാത്രമേ അകത്തു കയറ്റൂ. പോലീസ് നോക്കിനില്ക്കുമ്പോള് പോലും ഇത്തരം നടപടികള്‍ തുടരുന്നുവെന്നാണ് ആക്ഷേപം.മല്ലപ്പള്ളിയിലെ ഒരു പ്രമുഖ വിദ്യാലയത്തിന്റെ പടിക്കല്‍ ചില സ്വകാര്യബസുകള്‍ നിര്‍ത്താറില്ല.
പോലീസിന്റെ പരിശോധനകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ഥികളോടു പതിവുരീതിയിലാണ് ചില സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. നിരന്തരമായ പരാതികളേ തുടര്‍ന്ന് പോലീസ് നിര്‍ദേശവും പരിശോധനയും കര്‍ശനമായപ്പോള്‍ ചുരുക്കം ചില ബസ് ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴും പഴയനിലപാടില്‍ തുടരുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഇതര യാത്രക്കാരെപ്പോലെ സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശം ഇപ്പോഴും ലഭിച്ചിട്ടില്ല. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലും മറ്റും വിദൂരങ്ങളില്‍ നിന്നു വന്നു പോകുന്ന വിദ്യാര്ഥിനികളടക്കമാണ് ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്.