കണ്ണൂർ: നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ സ്വകാര്യബസിന് തീപിടിച്ചു. തീ ഉടൻ അണയ്ക്കാനായതിനാൽ ദുരന്തം ഒഴിവായി. ഇന്നു രാവിലെ 8.45 ഓടെ കണ്ണൂർ എസ്എൻ കോളജിനു സമീപം ദേശീയപാതയിലായിരുന്നും സംഭവം.
കണ്ണൂരിൽ നിന്നും തലശേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് എസ്എൻ കോളജ് കയറ്റം കയറുന്നതിനിടെ എൻജിനിൽ നിന്നും പുക ഉയർന്നു. ഉടൻ തന്നെ ബസ് നിർത്തി നോക്കിയപ്പോഴാണ് എൻജിൻ ബോക്സിൽ തീപിടിത്തം ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ തീ അണയ്ക്കാനായതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ഫയർഫോഴ്സും പോലീസും എത്തുന്പോഴേക്കും നാട്ടുകാരും സ്ഥലത്തെത്തിയ കേരള എമർജൻസി ടീംസന്നദ്ധ പ്രവർത്തകരും ചേർന്നു തീയണക്കുകയായിരുന്നു. ഇതിനിടെ ബസിന് തീപിടിച്ചെന്ന വാർത്ത പരന്നത് വലിയ ആശങ്കയക്ക് വഴിവച്ചു.
ഇതിനിടെ ബസിന്റെ എൻജിനിൽ നിന്നും ഓയിൽ ചോർന്ന് റോഡിൽ പരന്നൊഴുകി. ഓയിലിൽ തെന്നിവീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. പിന്നീട് ഫയർഫോഴ്സ് വെള്ളം ചീറ്റി റോഡിലെ ഓയിൽ കഴുകി നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അതുവരെ തലശേരി-കണ്ണൂർ റൂട്ടിലെ വാഹനങ്ങളെ ബൈപാസ് വഴി കടത്തിവിടുകയായിരുന്നു.