കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സെപ്റ്റംബര്‍ മൂന്നിന് കാരുണ്യ യാത്ര നടത്തുന്നു. ടിക്കറ്റ് നല്‍കാതെയാണ് അന്ന് സര്‍വീസ് നടത്തുന്നതെന്നും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ജില്ലാ ബസ് ഓപ്പറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളിലുള്ള ബസുകളാണ് കാരുണ്യയാത്ര നടത്തുന്നത്. കണ്ണൂരും കാസര്‍ഗോഡും ഇന്നലെ കാരുണ്യ യാത്ര നടത്തിയിരുന്നു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കീഴില്‍ സംസ്ഥാനത്ത് 10,000 ത്തോളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഈ ബസുകളെല്ലാം കാരുണ്യയാത്ര നടത്തും. കാരുണ്യയാത്ര നടത്തുന്ന ദിവസം വിദ്യാര്‍ഥികള്‍ കണ്സഷന് ഒഴിവാക്കണമെന്നും സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കാരുണ്യയാത്ര നടത്തുന്ന ബസുകളില്‍ യാത്ര ചെയ്യണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ. അബ്ദുള്‍നാസര്‍, സെക്രട്ടറി എം. തുളസീദാസ്, കെ.പി. ശിവാനന്ദന് , റീനീഷ് സാജു എന്നിവര്‍ പങ്കെടുത്തു.