സ്വന്തം ലേഖകൻ
തൃശൂർ: ഒരു വർഷത്തേക്കു സർവീസ് നടത്തുന്നില്ലെന്നു ജില്ലയിലെ എല്ലാ ബസുകളും ആർടിഒ ഓഫീസിൽ ജി ഫോം നൽകി. 1,500 സ്വകാര്യബസുകളാണ് ടാക്സ് ഒഴിവാക്കാൻ ജി ഫോം നൽകിയത്.
വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്കു പുറമേ, ആയിരത്തോളം ടൂറിസ്റ്റു ബസുകളും ഒരു വർഷത്തേക്ക് ഓടുന്നില്ലെന്നു രേഖപ്പെടുത്തി ജി ഫോം സമർപ്പിച്ചിട്ടുണ്ട്. അഞ്ഞൂറോളം ചരക്കുലോറികളും ജി ഫോം സമർപ്പിച്ചു.
ഓരോ മൂന്നുമാസത്തേക്കാണ് ബസുകൾക്കും മറ്റും ടാക്സ് അടയ്ക്കേണ്ടത്. ഏപ്രിൽ മുതലുള്ള ടാക്സ് ഒഴിവാക്കിക്കിട്ടാനാണ് ജി ഫോം സമർപ്പിച്ചത്. വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് 28,000 രൂപ മുതൽ 36,000 രൂപവരെയാണു റോഡ് ടാക്സ്.
ടൂറിസ്റ്റു ബസുകൾക്കാണെങ്കിൽ 36,000 രൂപ മുതൽ 46,000 രൂപവരെയാണു നികുതി. ലോക്ക്ഡൗണ്‍ പിൻവലിച്ചാലും സ്വകാര്യ ബസ് സർവീസുകൾ രണ്ടു മാസത്തിനകം ആരംഭിക്കാനാവില്ലെന്നാണ് ബസുടമകളുടെ നിരീക്ഷണം.
രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളെ മാത്രം ഇരുത്തി സർവീസ് നടത്തിയാൽ വൻ നഷ്ടത്തിൽ കലാശിക്കും. സാധാരണ നിലയിൽ സർവീസ് നടത്താവുന്ന അവസ്ഥയാകുന്പോൾ ബസ് ഓടിച്ചാൽ മതിയെന്ന നിലപാടിലാണു ബസുടമകൾ.
ടൂറിസ്റ്റു ബസുകളും ഓടിത്തുടങ്ങാൻ മാസങ്ങൾ വേണ്ടിവരും. സാമൂഹ്യ അകലം അടക്കമുള്ള നിയന്ത്രണങ്ങളും വിലക്കുകളും ഒഴിവാക്കി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണരാൻ ഇനിയും മൂന്നുമാസമെങ്കിലും വേണ്ടിവരും.
വിവാഹം പോലുള്ള ഒത്തുചേരലുകൾക്ക് അന്‍പതു പേരിലധികം ഉണ്ടാകരുതെന്ന വിലക്കുള്ളതിനാൽ വിവാഹാവശ്യത്തിനും ടൂറിസ്റ്റു ബസുകൾ ഓടില്ല. രണ്ടുമാസമായി കട്ടപ്പുറത്തു കയറിയ ബസുകൾ നിരത്തിലിറക്കണമെങ്കിൽ ഒരു ലക്ഷം രൂപ വീതമെങ്കിലും മുടക്കേണ്ടിവരുമെന്നാണ് ബസുടമകൾ പറയുന്നത്.
അത്രയേറെ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. നിരത്തിലിറക്കാനുള്ള സാഹചര്യമായാൽ ആർടിഒ ഓഫീസിൽ നൽകിയ ജി ഫോം ഏതു നിമിഷവും പിൻവലിക്കാവുന്നതാണ്.
ലോക്ക്ഡൗണ്‍ മൂലം ബസുകളുടെ റോഡ് ടാക്സ് മൂന്നിൽ രണ്ടു ഭാഗം അടച്ചാൽ മതിയെന്ന് സംസ്ഥാന സർക്കാർ ഇളവു നൽകിയിട്ടുണ്ടെങ്കിലും ആരും ആ ഇളവ് സ്വീകരിക്കാൻ തയാറായില്ല.