വടക്കഞ്ചേരി: ബസ് യാത്രയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച ഗർഭിണിയായ യുവതിയെ കുതിരാനിലെ വാഹനക്കുരുക്കിനിടയിലൂടെ അതിസാഹസികമായി യഥാസമയം ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം.തൃശൂർ-പാലക്കാട് റൂട്ടിലോടുന്ന സെന്റ് ജോസ് ട്രാവൽസ് ബസിലെ പീച്ചി സ്വദേശി കണ്ണൻ, കണ്ടക്ടർ നടത്തറ സ്വദേശി റെജി, മോൻസി ബസിലെ വിൻസന്റ് എന്നിവരെയാണ് പോലീസും യാത്രക്കാരും ഒരുപോലെ അഭിനന്ദിക്കുന്നത്.
പറളി സ്വദേശിയായ 24 കാരിയെ പനിയെ തുടർന്നാണ് പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചത്. എന്നാൽ സ്ഥിതി മോശമായിരുന്നതിനാൽ ഉടനേ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. ഗർഭിണിയായ യുവതിയും അമ്മയും ബന്ധുക്കളായ രണ്ടു സ്ത്രീകളും വൈകുന്നേരം അഞ്ചിന് പാലക്കാടുനിന്നും തൃശൂരിലേക്കു പോകാൻ സെന്റ് ജോസ് ബസിൽ കയറി. യാത്രയ്ക്കിടെ വടക്കഞ്ചേരിയിൽ എത്തിയപ്പോൾ യുവതിക്ക് അസ്വസ്ഥത തുടങ്ങി. കരച്ചിലും ബഹളവുമായി.
ബസ് ജീവനക്കാർ ഉടനേ സ്റ്റോപ്പുകളിൽനിന്നും യാത്രക്കാരെ കയറ്റാതെ വാണിയന്പാറ വരെയെത്തി. എന്നാൽ കുതിരാനിലെ കുരുക്ക് ഏറെ കിലോമീറ്റർ നീണ്ടതോടെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. എന്നാൽ ഡ്രൈവർ കണ്ണൻ കാണുന്ന വഴിയിലൂടെയെല്ലാം ബസോടിച്ച് കുരുക്കുകൾക്കിടയിലൂടെ ഇരുന്പുപാലംവരെ ബസെത്തിച്ചു. ഇതിനിടെ കണ്ടക്ടർ റെജി ഹൈവേ പോലീസിനെ വിളിച്ച് യാത്രക്കാരിയുടെ സ്ഥിതി ബോധ്യപ്പെടുത്തി.
അപ്പോഴേയ്ക്കും ഇരുന്പുപാലത്തെ ജനകീയ കൂട്ടായ്മ പ്രവർത്തകരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമെല്ലാം തിങ്ങിനിറഞ്ഞു കിടന്നിരുന്ന വാഹനങ്ങൾക്കിടയിലൂടെ ഓടി വഴിയുണ്ടാക്കി ബസിനു കടന്നുപോകാൻ സ്ഥലമൊരുക്കി. വഴുക്കുപാറ ഇറക്കത്തിൽ എത്തിയ ഹൈവേ പോലീസ് എസ്ഐ അശോകന്റെ നേതൃത്വത്തിൽ യുവതിയെ ഉടനേ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലും അവിടെനിന്നും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും എത്തിച്ചു. യുവതിയെ സാഹസികമായി ആശുപത്രിയിലെത്തിച്ച ജീവനക്കാരെ മറ്റു ജീവനക്കാരും അനുമോദിച്ചു.