അടൂർ: വിദ്യാർഥികളെ കയറ്റാതെപോയ സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് ഇന്പോസിഷൻ എഴുതിപ്പിച്ചു. പത്തനംതിട്ട – ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് അടൂർ ട്രാഫിക് യൂണിറ്റ് ആസ്ഥാനത്തു വിളിച്ചുവരുത്തി ശിക്ഷ നൽകിയത്.
പാർഥസാരഥി ജംഗ്ഷനിൽ ബസിൽ കയറാനെത്തിയ പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ കുട്ടികളെ കയറ്റാതെ ഇറക്കിവിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ജീവനക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ബസ് കണ്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയത്.
സ്കൂൾ കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ മനഃപൂർവമായി ഇറക്കിവിടുകയോ കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ഇല്ലെന്ന് ഇരുവരും നൂറുതവണ ഇന്പോസിഷൻ എഴുതി പോലീസിനു നൽകി.
രണ്ടു മണിക്കൂർ കൊണ്ടാണ് ഇത്രയും എഴുതിപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നു ട്രാഫിക് എസ്ഐ ജി. സുരേഷ്കുമാർ ജീവനക്കാർക്ക് താക്കീത് നൽകി.