കാക്കനാട്: പതിനഞ്ച് വര്‍ഷം പഴക്കമുള്ള ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കണമെന്ന നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയത് ജനങ്ങളുടെ സുരക്ഷയെ അവഗണിച്ച്. 15 വര്‍ഷം ഓടിച്ചു കഴിയുമ്പോള്‍ തന്നെ ബസുകള്‍ അപകടാവസ്ഥയിലാകുമെന്നും അവ നന്നാക്കിയാലും സുരക്ഷിതത്വമില്ലാത്തവയായിരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
15 വര്‍ഷം ഓടുന്ന ബസ് അറ്റകുറ്റപ്പണി നടത്തി ഇറക്കിയാലും പ്രയോജനമില്ല. ബസുകളുടെ ബോഡി നിര്‍മാണം തന്നെ വേണ്ട രീതിയിലല്ല ഇപ്പോൾ നടക്കുന്നത്. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് മാര്‍ഗരേഖ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല.
കാലാവധി 15 വര്‍ഷത്തില്‍ നിന്ന് ഉയര്‍ത്തണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവശ്യം ഉയര്‍ന്നപ്പോള്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ഒരു വിദഗ്ധ സമിതിയെ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ചു. കാലാവധി 12 വര്‍ഷമായി കുറയ്ക്കണമെന്നായിരുന്നു ആ സമിതിയുടെ ശിപാര്‍ശ. പിന്നീട് ഇക്കാര്യം സംബന്ധിച്ച് നടപടിയൊന്നുമുണ്ടായില്ല. കെഎസ്ആര്‍ടിസി മാത്രം അതു നടപ്പാക്കി.
പതിനഞ്ചില്‍നിന്ന് 20 വര്‍ഷമായി ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ബസുടമകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇതെന്ന് ആരോപണമുണ്ട്. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളുടെ സര്‍വീസ് കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ എറണാകുളം ആര്‍ടിഎ ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അത് എട്ടു വര്‍ഷമാക്കി.
പുതിയ ബസുകള്‍ക്ക് മാത്രം ഇതു ബാധകമാവുമാക്കി. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സ്വകാര്യ ബസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ഇപ്പോള്‍ നാലായിരത്തോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
അതില്‍ പകുതിയും 15 വര്‍ഷത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. അവയുടെ അവസ്ഥയും തീരെ മോശമാണ്. ഇത്തരം ബസുകള്‍ക്കാണ് അഞ്ച് വര്‍ഷം കൂടി ആയൂസ് നീട്ടി നല്‍കിയിട്ടുള്ളത്. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുക്കാതെയാണ് ഇതെന്നാണ് ആരോപണം.