വടകര: കോഴിക്കോട് നിന്നു കണ്ണൂരിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്തയാളെ കണ്ടക്ടർ വഴിക്കുവച്ച് ഇറക്കി വിട്ടതായി പരാതി. ഭാര്യ സഹോദരനോടൊപ്പം കോഴിക്കോട് നിന്നു ബസിൽ കയറിയ എഴുപതുകാരനാണ് ഈ കയ്പേറിയ അനുഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കെ എൽ 18 വി 5436 നന്പർ കല്യാണ് ബസിലെ കണ്ടക്ടറാണ് ബസിന്റെ പിൻഭാഗത്ത് നിൽക്കുകയായിരുന്ന അസുഖ ബാധിതനായ യാത്രക്കാരനെ ടിക്കറ്റ് എടുത്തില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടത്.
കണ്ടക്ടറുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതിരുന്ന പ്രായമേറിയ യാത്രക്കാരനെ ഒരു ദാക്ഷിണ്യവുമില്ലാതെ ഇറക്കി വിടുകയായിരുന്നുവെന്നു. ഇദ്ദേഹത്തെ ഇറക്കിവിട്ട കാര്യം വടകരയിലെത്തിയപ്പോഴാണ് കൂടെയുണ്ടായ ഭാര്യാ സഹോദരൻ അറിയുന്നത്. ഉടൻ തന്നെ ഇയാൾ ബസ് നിർത്താൻ പറയുകയും കണ്ടക്ടറോട് കൂടെ വരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് ബസ് ജീവനക്കാർ തയ്യാറായില്ല. പിന്നീട് നാട്ടുകാർ ഇടപെട്ട് ബസ് തടഞ്ഞുവച്ചു. സംഭവത്തെ കുറിച്ച് കണ്ടക്ടറോട് അന്വേഷിച്ചപ്പോൾ ഇറക്കിവിട്ട യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടൊണ് പറഞ്ഞത്. പിന്നീട് പോലീസെത്തി ഇറക്കിവിട്ടയാളെ തേടി ബസ് ക്ലീനറെ പരാതിക്കാരനോടൊപ്പം ടാക്സി പിടിച്ച് പോകാൻ നിർദേശം നൽകി. ഇറക്കിവിട്ട യാത്രക്കാരനെ പൂക്കാട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.