കണ്ണൂർ: നിലവിലെ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകൾ നാളെ മുതൽ ഓടിക്കാൻ സാധിക്കില്ലെന്ന് ബസ് ഉടമ സംഘം. ബസ്ഉടമകളുടെ പ്രതിനിധികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണം.
ബസ് ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ചാൽ മാത്രമേ ബസ് റോഡിലിറക്കാൻ സാധിക്കുകയുള്ളൂ. ഇത് പൊതുജനങ്ങളോടും സർക്കാറിനോടുമുള്ള നിഷേധമായി കാണരുതെന്നും ബസ് ഉടമ സംഘം നേതാക്കൾ പറഞ്ഞു.
സർക്കാർ നിർദേശ പ്രകാരം ഒരു സമയം 20 യാത്രക്കാരിൽ കൂടുതൽ ബസുകളിൽ കയറ്റാൻ സാധിക്കില്ല.12 രൂപ മിനിമം ചാർജ് നൽകിയാലും ബസ് വ്യവസായം മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
തൊഴിലാളികളുടെ കൂലി , ഇന്ധന ചെലവ്, ഇൻഷ്വറൻസ്, സ്റ്റാൻഡ് വാടക, ക്ഷേമനിധി തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. മൂന്നു മാസത്തെ ടാക്സ് ഒഴിവാക്കിയാലും രക്ഷയില്ലാത്ത സ്ഥിതിയാണ്.
കോറോണ കാലത്ത് രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് ബസ് സർവീസ് നടത്താൻ അനുവദിച്ച സമയം ഇത് ദീർഘദൂര സർവീസുകളെ പ്രതികൂലമായി ബാധിക്കും.
ഇന്ധനത്തിന് സബ്സസിഡി അനുവദിക്കാൻ സർക്കാർ തയാറായാൽ കൂടുതൽ പ്രശ്നങ്ങളില്ലാതെ ബസുകൾക്ക് സർവീസ് നടത്താനാകുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ജന. സെക്രട്ടറി രാജ് കുമാർ കരുവാരത്ത് പറഞ്ഞു.